usaf

തലയോലപ്പറമ്പ് : മദ്രസയിൽ പഠിക്കാനെത്തിയ 8 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അദ്ധ്യാപകനെ തലയോലപ്പറമ്പ് പൊലീസ് പിടികൂടി. പാലാംകടവ് മണകുന്നം ഇർഷാദുൽ മുസ്ലിം മദ്രസയിലെ പ്രധാന അദ്ധ്യാപകൻ ആലുവ കടുങ്ങല്ലൂർ മൂപ്പത്തടം ആട്ടച്ചിറയിൽ വി.എം യൂസഫ് (63) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി മുതൽ കഴിഞ്ഞ മാസം 18 വരെയുള്ള കാലയളവിൽ ഇയാൾ പലപ്പോഴായി പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം വിധേയയാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനവിവരം മനസിലായത്. തുടർന്ന് രക്ഷിതാക്കൾ പള്ളിക്കമ്മിറ്റിക്ക് പരാതി നൽകിയതിനെ തുടർന്ന് മഹല്ല് കമ്മിറ്റി ഇയാളെ ജോലിയിൽ നിന്നു മാറ്റുകയും കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇന്നലെ പുലർച്ചെ തലയോലപ്പറമ്പ് എസ്. എച്ച്.ഒ ക്ലീറ്റസ്.കെ ജോസഫ് , എസ്.ഐ വി.എം സൂഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സൈബർസെല്ലിന്റെ സഹായത്തോടെ കൊടുങ്ങല്ലൂരിലുള്ള പള്ളിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പോക്‌സോ ആക്ട് പ്രകാരം കേസെടുത്ത് വൈക്കം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ കൂടുതൽ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.