kuda

കോട്ടയം : സ്‌കൂൾ തുറക്കാറായി, പക്ഷേ മഴ എത്തിയില്ല, വഴിയോരത്ത് കുട വിൽപ്പനക്കാർ സജീവമായെങ്കിലും കച്ചവടം പോര. മഴ പെയ്യാത്തത് ഇതര സംസ്ഥാനക്കാരായ കുട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കി.

നഗരത്തിൽ മെയ് ഒടുവിൽ തന്നെ ഇവർ കുടകളുമായെത്തിയെങ്കിലും മഴ പെയ്യുമെന്ന കണക്കുകൂട്ടൽ തെറ്റി. മുംബയിൽ നിന്ന് എത്തുന്ന ഇവർക്ക് എല്ലാവർഷവും നല്ല വിൽപന ലഭിക്കാറുണ്ടെങ്കിലും ഇത്തവണ കാര്യങ്ങൾ കുഴഞ്ഞ് മറിഞ്ഞു. മഴയെത്താൻ വൈകിയതോടെ കുടകൾ വിറ്റുപോകുന്നത് നന്നേ കുറഞ്ഞു.രാവിലെ മുതൽ പൊരിവെയിലത്ത് ഇരിക്കുന്ന ഇവർക്ക് വൈകിട്ട് കാര്യമായൊന്നും കിട്ടാറില്ല. ആകർഷകമായ നിറങ്ങളിൽ ലഭിക്കുന്ന കുടകൾ ഒരു വർഷം വരെ ഉപയോഗിക്കാനാവുമെന്നാണ് ഇവർ പറയുന്നത്. കാലൻ കുടകളും ത്രീഫോൾഡ് മോഡലും ലഭ്യമാണ്. ജയ്പൂരിലെ കുടക്കച്ചവടക്കാർ വഴിയാണ് കേരളത്തിലേക്ക് ചൈനീസ് വർണക്കുടകൾ എത്തുന്നത്.
വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള കുടകൾ വഴിയരികിൽ നിവർത്തിയും കൂട്ടമായും വച്ചിരിക്കുന്നതുകണ്ട് ആകൃഷ്ടരായി എത്തുന്നവരിൽ മിക്കവരും കുട വാങ്ങിയേ മടങ്ങാറുള്ളു. 300നു മുകളിൽ പറയുന്ന വില കേട്ട് വാങ്ങാതെ മടങ്ങാൻ ഒരുങ്ങിയാൽ വില കുറയ്ക്കാൻ തയ്യാറാകും. 300ന്റെ കുട 130നു വരെ കിട്ടും. സീസണായാൽ യുവാക്കൾ മുതൽ പ്രായമായവർ വരെ ഇത്തരം കുടകൾ വാങ്ങാൻ എത്താറുണ്ട്. വലുപ്പവും പുതുമായാർന്ന ഡിസൈനുകളുമാണ് പ്രധാന ആകർഷണം.