കോട്ടയം: നഗരത്തിന്റെ തീരാശാപമായ മാലിന്യ നിക്ഷേപത്തിന് സി.സി.ടി.വി കാമറയിലൂടെ പരിഹാരം കാണാൻ നഗരസഭ ഒരുങ്ങുന്നു. ആദ്യഘട്ടമായി 20 ഇടങ്ങളിൽ കാമറ സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം. തിരുനക്കര, പോപ്പ് മൈതാനം തുടങ്ങിയ പ്രധാന ഇടങ്ങളിൽ ആദ്യഘട്ടത്തിലും പിന്നീട് നഗരത്തിന്റെ മുഴുവൻ ഭാഗങ്ങളിലും കാമറ സ്ഥാപിക്കും. കാമറ സ്ഥാപിക്കുന്നതിന് നഗരസഭയുടെ തനതുഫണ്ടിൽ നിന്ന് തുക കണ്ടെത്തിയിരുന്നു. ഇതിന് കഴിഞ്ഞ കൗൺസിലിൽ അംഗീകാരവും ലഭിച്ചു. പൊലീസിന്റേയും വ്യാപാരി വ്യവസായ ഏകോപന സമിതിയുടേയും സഹകരണത്തോടെ കാമറ സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി ഇവരുടെ യോഗവും ഉടൻ വിളിക്കും. കോടിമതയിൽ പ്ലാസ്റ്റിക് ഷെഡ് യൂണിറ്റ് സ്ഥാപിക്കുന്നതോടെ മാലിന്യപ്രശ്നം പരിഹരിക്കാനാവുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. ഇതിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഈ മാസം തന്നെ കാമറ സ്ഥാപിച്ചുതുടങ്ങുമെന്ന് നഗരസഭാദ്ധ്യക്ഷ പി.ആർ. സോന പറഞ്ഞു.