പാലാ : പയപ്പാർ കോതകുളങ്ങരക്കാവിലെ ഭുവനേശ്വരി വിഗ്രഹം കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകുന്നില്ലെങ്കിൽ വിവിധ ഹൈന്ദവ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധം ഉൾപ്പെടെ സംഘടിപ്പിക്കാൻ തീരുമാനം. സംഭവം നടന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ക്ഷേത്രോപദേശക സമിതി പരാതിയിൽ ചൂണ്ടിക്കാട്ടിയവരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ലെന്ന് പ്രതിഷേധ യോഗം ചൂണ്ടിക്കാട്ടി. വിഗ്രഹം വലിച്ചെറിഞ്ഞ സംഭവം ഹൈന്ദവ ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ്. മതവിദ്വേഷം ഉണ്ടാക്കാൻ ചിലർ കരുതിക്കൂട്ടി നടത്തിയ സംഭവത്തിൽ അന്വേഷണം ഇഴയുകയാണ്.

പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രസന്നിധിയിൽ ചേർന്ന പ്രതിഷേധയോഗം ഹിന്ദു ഐക്യവേദി ജില്ലാ സമിതി അംഗം കെ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് വിഷയാവതരണം നടത്തി. പയപ്പാർ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എ.ജി. പ്രസാദിന്റെ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഹൈന്ദവ സമുദായ നേതാക്കളായ വി.എ. ബാബു വേരം പ്ലാക്കൽ, വി.എസ്. ഹരിപ്രസാദ്, വി.ജി. ചന്ദ്രൻ തേരുന്താനം, ചന്ദ്രശേഖരൻ നായർ പുളിക്കൽ, എം.കെ. ബാലകൃഷ്ണൻ നായർ, അജിത് വെള്ളാപ്പാട്, മധുസൂദനൻ നായർ , എം.എൻ. വിജയൻ , വിനോദ് വെള്ളാപ്പാട്, മനോജ് ആപ്പിൾ വില്ല, കെ.പി. അനിൽകുമാർ, കെ.എസ്. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നാമജപ പ്രദക്ഷിണവുമുണ്ടായിരുന്നു.