പാലാ : ശബരിമല ഇടത്താവള സൗകര്യങ്ങളൊരുക്കാനായി സംസ്ഥാന സർക്കാർ പാലാ നഗരസഭയ്ക്ക് അനുവദിച്ച തുക വിവിധ വികസന പദ്ധതികൾക്കായി ചെലവഴിക്കാൻ പാലാ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. മുരിക്കുംപുഴ ക്ഷേത്രം, ളാലം മഹാദേവ ക്ഷേത്രം, വെള്ളാപ്പാട്ട് കാവ് എന്നിവിടങ്ങളിലാണ് ശബരിമല ഫണ്ടുപയോഗിച്ച് ഉടൻ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. 2018-19 വർഷം സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ശബരിമല ഫണ്ടിൽപ്പെടുത്തി നഗരസഭയ്ക്ക് അനുവദിച്ചിട്ടും വികസന പ്രവർത്തനങ്ങൾ വൈകുന്നത് 'കേരളകൗമുദി ' റിപ്പോർട്ട് ചെയ്തിരുന്നു. നഗരസഭയുടെ കെട്ടിടങ്ങൾ വാടകയ്ക്ക് നല്കുന്നതുമായി ബന്ധപ്പെട്ട് ഓഡിറ്റ് വിഭാഗത്തിന്റെ ചോദ്യത്തിന് ഉചിതമായ മറുപടി നൽകാനും യോഗത്തിൽ തീരുമാനമായി. ഇൻഡോർ സ്റ്റേഡിയത്തിലെ വോളിബാൾ, ബാസ്‌കറ്റ് ബാൾ കോർട്ടുമായി ഉയർന്ന വിവാദങ്ങൾക്ക് സ്റ്റേഡിയം കമ്മിറ്റി വിളിച്ചു ചേർക്കാനും തീരുമാനമായി. ചെയർപേഴ്‌സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബിനു പുളിക്കകണ്ടം, ബിജു പാലുപ്പടവിൽ, അഡ്വ.ബെറ്റി ഷാജു, റോയി ഫ്രാൻസിസ്, പ്രസാദ് ,ജോർജ്കുട്ടി ചെറുവള്ളി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.