വൈക്കം: വൈക്കം കായലോര ബീച്ചിൽ നഗരസഭ സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റിന് ഇന്ന് തിരിതെളിയും. വൈകിട്ട് നാലിന് വൈക്കം ദളവാക്കുളം ബസ് ടെർമിനലിൽ നിന്നും കായലോര ബീച്ചിലേയ്ക്ക് ആയിരങ്ങൾ അണിനിരയ്ക്കുന്ന വർണാഭമായ ഘോഷയാത്ര നടക്കും. വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, മുത്തുക്കുടകൾ എന്നിവ ഘോഷയാത്രയ്ക്കു ചാരുതയേകും. തുടർന്ന് അഞ്ചിന് ബീച്ച് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് വൈക്കം ടൂറിസം ഫെസ്റ്റ് ഉദ്ഘാനം ചെയ്യും. സി.കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ പി. ശശിധരൻ സ്വാഗതം പറയും തുടർന്ന് സൗഹൃദ വടംവലി മത്സരം നടക്കും. നാളെ വൈകിട്ട് നാലിന് 'വൈക്കത്തിന്റെ ടൂറിസം സാദ്ധ്യതകൾ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ പ്രൊഫ. വസന്തകുമാർ സാംബശിവൻ കഥാപ്രസംഗം അവതരിപ്പിക്കും. അഞ്ചിന് വൈകിട്ട് നാലിന് വൈക്കത്തിന്റെ കലാ സാഹിത്യ പെരുമയെന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാർ ഗായിക പി.കെ. മേദിനി ഉദ്ഘാടനം ചെയ്യും.തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ വൈക്കം ഷാജിയും സംഘവും അവതരിപ്പിക്കുന്ന ലയ തരംഗം. ആറിന് വൈകിട്ട് നാലിന് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഹരിത കേരളം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ ടി.എൻ. സീമ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈക്കത്തെ പാട്ടുകാർ അവതരിപ്പിക്കുന്ന സംഗീതനിശ. ഏഴിന് വൈകിട്ട് നാലിന് 'ഐ.ടി. മേഖലയിലെ തൊഴിൽ അവസരങ്ങൾ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഇൻഫോ പാർക്ക് സി.ഇ.ഒ ജോയി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ എടയ്ക്കാട്ടുവയൽ നാട്ടുകൂട്ടം അവതരിപ്പിക്കുന്ന കനവ് നാടൻപാട്ട്. എട്ടിന് വൈകിട്ട് നാലിന് 'നവോത്ഥാന ചരിത്രത്തിൽ വൈക്കം' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും.തുടർന്ന് വൈക്കം മാളവിക അവതരിപ്പിക്കുന്ന 'മഞ്ഞ് പെയ്യുന്ന മനസ്' എന്ന നാടകം നടക്കും. ഒൻപതിന് വൈകിട്ട് മൂന്നിന് വൈക്കത്തിന്റെ സമഗ്ര വികസനമെന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാർ അഡ്വ. പി.കെ. ചിത്രഭാനു ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊച്ചിൻ സ്വരശ്രീയുടെ മെഗാഷോ. വൈക്കം ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് അമ്യൂസ്‌മെന്റ് പാർക്ക്, മെഡിക്കൽ എക്‌സ്‌പോ, കുടുംബശ്രീയുടെ ഭക്ഷ്യമേള, വിപണനമേള, മാമ്പഴഫെസ്റ്റ്, കുതിര സവാരി, പെഡൽ ബോട്ടിംഗ്, ഫോട്ടോഗ്രാഫി പ്രദർശനം, ചരിത്രപ്രദർശനം എന്നിവ ബീച്ച് മൈതാനിയിൽ ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ പി. ശശിധരൻ, വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി, നഗരസഭ കൗൺസിലർമാരായ ആർ. സന്തോഷ്, അംബരീഷ് ജി. വാസു, ബിജു. വി. കണ്ണേഴത്ത് ,എസ്. ഹരിദാസൻനായർ, രോഹിണിക്കുട്ടി അയ്യപ്പൻ, ബിജിനി പ്രകാശൻ, കെ.സി. ഷാജി തുടങ്ങിയവർ അറിയിച്ചു.