കോട്ടയം: കുടമാളൂരിൽ നാലുവീടുകൾക്കും രണ്ട് സ്ഥാപനങ്ങൾക്കും മുന്നിൽ പെട്രോൾ ബോംബ് വച്ച് കഞ്ചാവ് മാഫിയയുടെ ഭീഷണി. കുടമാളൂർ പള്ളിയുടെ സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മുന്നിലെ കസേരകളും തല്ലിത്തകർത്തു.
ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവങ്ങൾ.
നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയും ആർപ്പൂക്കര കോലോട്ടമ്പലം സ്വദേശിയുമായ ജീമോനും ഇയാളുടെ സഹായി സൂര്യനും ചേർന്നാണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ ബോംബ് വച്ചത്. നേരത്തെ ജീമോനെ കഞ്ചാവ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇത് കുടമാളൂർ സ്വദേശികളായ യുവാക്കളുടെ പരാതിയിലാണെന്നായിരുന്നു സംശയം. ഇതേ തുടർന്ന് ഇവരെ ജീമോൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ ഇന്നലെ കഞ്ചാവ് ലഹരിയിലായ ജീമോൻ തന്റെ സുഹൃത്ത് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായും, ഇയാളോട് പ്രതികാരം ചെയ്യുമെന്നും കുടമാളൂർ കവലയിലും മെഡിക്കൽ കോളേജ് പരിസരത്തും വച്ച് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ പെട്രോളും മണ്ണെണ്ണയും നിറച്ച ബിയർ കുപ്പികൾ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് വെസ്റ്റ് , ഗാന്ധിനഗർ പൊലീസ് പ്രദേശത്ത് നിരീക്ഷണം നടത്തി. വെസ്റ്റ് സി.ഐ വി.എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ട്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.