മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള 'ഉല്ലാസപ്പറവകൾ 2019" വ്യക്തിത്വ വികസന ഏകദിന കൂട്ടായ്‌മ 5 ന് നടക്കും. കുട്ടികളുടെ ബൗധിക, വിനോദ വിജ്ഞാന, വ്യക്തിത്വ , മനോവികസനത്തിനായാണ് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ ഒൻപതിന് ഗുരുദേവപുരം 52 -ാം നമ്പർ എസ്.എൻ.ഡി.പി മുണ്ടക്കയം ശാഖാ ഹാളിൽ ചേരുന്ന സമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് സ്വാഗതം പറയും. 10 ന് വിജയത്തിലേയ്‌ക്കുള്ള മാർഗദീപം എന്ന വിഷയത്തിൽ കേരള ഹൈക്കോടതി അഭിഭാഷക ഫിജോ ജോസഫ് ക്ലാസെടുക്കും. സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ അഭിലാഷ് ജോസഫ് ക്ലാസെടുക്കും. വൈകിട്ട് 4.30 ന് ചേരുന്ന സമാപന സമ്മേളനം എസ്.എൻ ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി , പ്ലസ്ടു സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിക്കും.