കോട്ടയം : വിവിധ രോഗപരിശോധനയ്ക്ക് എത്തുന്നവരെ ഞെക്കിപ്പിഴിഞ്ഞ് അമിതഫീസ് ഈടാക്കുന്നതിനു പുറമെ ഇല്ലാത്ത രോഗത്തിന്റെ പേരിൽ ജീവിക്കുന്ന രക്തസാക്ഷികളാക്കി മാറ്റി പീഡിപ്പിച്ച സ്വകാര്യ ലാബുകൾ കോട്ടയത്ത് ഏറെ. കാൻസറില്ലാത്ത സ്ത്രീക്ക് കാൻസറെന്ന പരിശോധനാഫലം നൽകി കീമോതെറാപ്പിക്ക് വിധേയമാക്കിയ കേരളത്തെ ഞെട്ടിച്ച സംഭവത്തിന് ഒരാഴ്ച മുമ്പ് ഗർഭിണിയായ നഴ്‌സിന് എയ്ഡ്‌സാണെന്ന പരിശോധനാ ഫലമായിരുന്നു ബേക്കർ ജംഗ്ഷനിലെ പ്രമുഖലാബ് നൽകിയത്. മറ്റൊരു ലാബിൽ വീണ്ടും പരിശോധിച്ച് എയ്ഡ്‌സ് ഇല്ലെന്ന് ഉറപ്പാക്കിയതിനാൽ അനാവശ്യ ചികിത്സയ്ക്കു വിധേയമാകാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. കോട്ടയം വേളൂർ സ്വദേശിയായ 27 കാരിയായ നഴ്‌സിന് പ്രസവത്തിനു മുൻപുള്ള സാധാരണ പരിശോധനയുടെ ഭാഗമായാണ് എച്ച്.ഐ.വി പരിശോധന നടത്തിയത്. പരിശോധനാ ഫലം കിട്ടിയപ്പോൾ എച്ച്.ഐ.വി പോസീറ്റീവ്. ജീവിതം അവസാനിച്ചുവെന്നു കരുതി കണ്ണീരൊഴുക്കിയ നഴ്‌സും ഭർത്താവും പിറ്റേന്ന് നഗരത്തിലെ രണ്ട് സ്വകാര്യ ലാബുകളിലും, ദേശീയ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ കീഴിലുള്ള ലാബിലും എച്ച്.ഐ.വി പരിശോധന നടത്തി. എല്ലായിടത്തും പരിശോധനഫലം എയ്ഡ്‌സ് ഇല്ലെന്നായിരുന്നു. തെറ്റായ പരിശോധനാ ഫലം നൽകിയ ലാബിനെതിരെ ആരോഗ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ല.

ഡോക്ടർ - ലാബ് ഒത്തുകളി

കോട്ടയം നഗരത്തിൽ അരഡസനിലേറെ ലാബുകളാണുള്ളത്. മെഡിക്കൽ കോളേജ് പരിസരത്ത് ഒരു ഡസനിലേറെയും. പരിശോധനാ ഫീസ് സംബന്ധിച്ച് ഏകീകരണമില്ല. ഓരോ ഡോക്ടറും തങ്ങൾക്ക് കൂടുതൽ കമ്മിഷൻ നൽകുന്ന ലാബുകളിലേക്കാണ് പരിശോധനയ്ക്ക് കുറിക്കുന്നത്. ലാബ് നൽകുന്ന ലെറ്റർ പാഡിലാണ് ഡോക്ടർ എഴുതുക. 10 മുതൽ 25 % വരെയാണ് കമ്മിഷൻ. ഇത് കൃത്യമായി ബാങ്ക് അക്കൗണ്ടിലെത്തും. കൂടുതൽ പരിശോധന നടത്തിക്കുന്ന ഡോക്ടർക്ക് ലാപ്ടോപ്പ് മുതൽ വിദേശയാത്രവരെയാണ് ഓഫർ. സ്വകാര്യ ലാബുകളുടെ തലപ്പത്ത് മെഡിക്കൽ കോളേജിൽ നിന്നു വിരമിച്ച ഡോക്ടർമാർ വരെയുണ്ട്. അതിനാൽ ഇവരുടെ പരിശോധനഫലം മെഡിക്കൽകോളേജ് ഡോക്ടർമാർ പോലും അംഗീകരിക്കുകയാണ്.