jose-k-mani

കോട്ടയം: ന്യൂസിലാൻഡിലായിരുന്ന മോൻസ് ജോസഫ് എം.എൽ.എ നാളെ തിരിച്ചെത്തുന്നതോടെ ജോസ് കെ. മാണി വിഭാഗത്തിന്റെ ആശങ്ക വർദ്ധിക്കുന്നു. മോൻസെത്തുന്നതോടെ പി.ജെ. ജോസഫ് മുൻകൈയെടുത്ത് കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി യോഗം വിളിക്കുമോ എന്നാണ് ഇവരുടെ ആശങ്ക. അഞ്ചിൽ മൂന്ന് എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെടുന്നതിനാൽ യോഗത്തിൽ ജോസഫിനാണ് മുൻതൂക്കം. ന്യൂട്രലിലുള്ള സി.എഫ്. തോമസ് എം.എൽ.എ കൂടി പിന്തുണച്ചാൽ ജോസഫിന് ലീഡറാകാം.

എന്നാൽ സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തിരഞ്ഞെടുത്ത ശേഷം അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ പാർലമെന്ററി പാർട്ടി കൂടണമെന്നാണ് ജോസ് വിഭാഗത്തിന്റെ നിലപാട്. മാത്രമല്ല താത്കാലിക ചുമതലയുള്ള ജോസഫിന് പാർലമെന്ററി പാർട്ടി വിളിക്കാൻ അധികാരമില്ലാത്തതിനാൽ തങ്ങൾക്കൊപ്പമുള്ള എം.എൽ.എമാർ യോഗം ബഹിഷ്‌കരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ജോസ് വിഭാഗത്തിലെ രണ്ട് എം.പിമാർ പാർലമെന്ററി പാർട്ടിയിലുണ്ടെങ്കിലും നോമിനേറ്റഡ് അംഗങ്ങളായതിനാൽ വോട്ടവകാശമില്ലാത്തത് ഗുണകരമാകുമെന്നാണ് ജോസഫിന്റെ കണക്കുകൂട്ടൽ. താത്കാലിക ചെയർമാന് അധികാരമില്ലെങ്കിൽ പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫിന് യോഗം വിളിക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം.

അതിനിടെ പിളർപ്പൊഴിവാക്കാൻ അവസാന വട്ട അനുരഞ്ജനവുമായി കത്തോലിക്കാ സഭയും രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി പി.ജെ. ജോസഫ്, ജോസ് കെ. മാണി എന്നിവരുമായി പാലാ, ചങ്ങനാശേരി ബിഷപ്പുമാർ ചർച്ച നടത്തിയിരുന്നു. സി.എഫ്. തോമസ് ചെയർമാനും പി.ജെ. ജോസഫ് പാർലമെന്ററി പാർട്ടി ലീഡറും ജോസ് കെ. മാണി വർക്കിംഗ് ചെയർമാനുമായുള്ള നിർദ്ദേശമാണ് സഭ മുന്നോട്ട് വച്ചത്. എന്നാൽ സി.എഫ്. തോമസിനു ശേഷം ജോസ് കെ. മാണിയെ ചെയർമാനാക്കണം. ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ പദവികൾ ഒഴിവാക്കണം. ജോയ് എബ്രഹാമിനെ ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി തങ്ങളുടെ വിഭാഗത്തിൽ നിന്ന് ഒരാളെ നിയമിക്കണമെന്നതടക്കമുള്ള നിബന്ധനകൾ ചർച്ചയ്‌ക്കു മുമ്പേ ജോസ് വിഭാഗം മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങൾ ജോസഫ് അംഗീകരിക്കുമോ എന്ന് കണ്ടറിയണം.