കോട്ടയം: തുർച്ചയായി രണ്ടാം വർഷവും സംസ്ഥാനത്ത് നിപ ഭീഷണി ഉയർന്നതോടെ ആശങ്കയിലായിരിക്കുകയാണ് ടൂറിസം മേഖല. കഴിഞ്ഞ വർഷം നിപ്പയും പ്രളയവും വിതച്ച നഷ്ടത്തിൽ നിന്ന് കരകയറുന്നതിനിടെയാണ് ഇപ്പോൾ രോഗം വീണ്ടും തലപൊക്കുന്നതായി ആശങ്ക ഉയരുന്നത്. നിപപ്പേടിയിൽ മൺസൂൺ ടൂറിസം പ്രതിസന്ധിയിലാകുമെന്ന ആശങ്കയാണ് ടൂറിസം മേഖലയിലുള്ളവർക്ക്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന മൺസൂൺ ടൂറിസത്തിന്റെ കടയ്ക്കലാണ് നിപയെന്ന പ്രചരണം കത്തിവയ്ക്കുന്നത്. നിപയെന്ന പ്രചരണം മുറുകുമ്പോൾ കോടികളുടെ നഷ്ടമാണ് ടൂറിസം മേഖലയ്ക്ക് സംഭവിക്കുക. നിപ ബാധിച്ചെന്ന് തരത്തിലുള്ള പ്രചരണം തിരിച്ചടിയാകുമെന്ന് ടൂറിസം മേഖലയിലുള്ളവർ പറയുന്നു. ഏറെ പ്രതീക്ഷയോടെ കാണുന്ന കുമരകത്തെ മൺസൂൺ ടൂറിസം നിപ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. ഡൽഹി, ബോംബെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ബുക്കിംഗുകൾ ക്യാൻസൽ ചെയ്തതും ആശങ്കപ്പെടുത്തുന്നു. അറബികളുടെ പാക്കേജ് ബുക്കിംഗ് ഇന്നലെ മുതൽ വരേണ്ടതായിരുന്നെങ്കിലും ഇതുവരെ ഒന്നും ലഭിച്ചില്ല.
കോടികളുടെ നഷ്ടം
സംസ്ഥാനത്ത് 85 ഓളം അംഗീകൃത ഏജൻസികളുണ്ട്. ഇവർക്ക് കഴിഞ്ഞ വർഷം 20 കോടിയിലേറെയാണ് നിപ്പമൂലം നഷ്ടമായത്. ബുക്കിംഗുകൾ മുഴുവൻ ക്യാൻസലായി. ഇങ്ങനെയാണെങ്കിൽ ഉത്തരേന്ത്യക്കാർ ഏറെ ഇഷ്ടപ്പെടുന്ന കുമരകത്ത് നിപ സാരമായി ബാധിക്കുമെന്നുമുറപ്പായി. കൊച്ചി മൂന്നാർ തേക്കടി കുമരകം പാക്കേജാണ് റദ്ദാക്കപ്പെട്ടത്.