camera

വൈക്കം : ക്ഷേത്ര നഗരി നിയമപാലകർക്ക് ഇനി കാമറ കണ്ണുകളിലൂടെ കാണാം. നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു തുടങ്ങി. സി.കെ.ആശ എം. എൽ. എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കാമറകൾ സ്ഥാപിക്കുന്നത്. നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് 42 നിരീക്ഷണ കാമറകളാണുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന, രാത്രിയിലും ചിത്രീകരിക്കുന്ന കാമറകളാണ് എല്ലാം. ഇതിൽ കച്ചേരിക്കവലയിലും വലിയ കവലയിലും ബോട്ട് ജെട്ടിയിലും സ്ഥാപിക്കുന്നത് 360 ഡിഗ്രിയിൽ തിരിയുന്ന റിവോൾവിംഗ് കാമറകളാണ്.

പൊലീസിനാണ് കാമറകളുടെ നിയന്ത്രണം. സർക്കാർ ഏജൻസിയായ കെൽ ആണ് കാമറകൾ സ്ഥാപിക്കുന്ന ജോലി ഏറ്റെടുത്തിട്ടുള്ളത്. ജൂൺ 30 നകം കാമറകൾ പ്രവർത്തന സജ്ജമാകും. നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിലൂടെ നഗരത്തിലെ ജനജീവിതം കൂടുതൽ സുരക്ഷിതമാക്കാനും തെറ്റു കുറ്റങ്ങൾ കുറയ്ക്കാനും കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എം. എൽ. എ. യും പൊലീസും. രാപകൽ ഭേദമില്ലാതെ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കാമറകളിലൂടെ പൊലീസിന്റെ കണ്ണെത്തുമെന്നതാണ് നേട്ടം. പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കുന്ന സ്ക്രീനിൽ കാമറകൾ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കും.

നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുക എന്നത് 'സ്മാർട്ട് വൈക്കം' എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പദ്ധതികളിൽ നാലാമത്തേതാണ്. ബീച്ച്, കെ.വി.കനാൽ സൗന്ദര്യവൽക്കരണം, കെ എസ് ആർ ടി സി യിൽ ടു വീലർ പാർക്കിംഗ് തുടങ്ങി നാടിന്റെ മുഖഛായ മാറ്റാനുതകുന്ന പദ്ധതികളാണ് സ്മാർട്ട് വൈക്കത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.