കോട്ടയം: കാൻസർ ഇല്ലാത്ത മാവേലിക്കര കൊടശനാട് സ്വദേശി രജനിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കാട്ടി കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് റിപ്പോർട്ട് നൽകി. രോഗിക്ക് കാൻസർ ഇല്ലെന്ന് കണ്ടെത്തിയ മാർച്ചിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് പൊടി തട്ടിയെടുത്ത് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കൃത്യമായ റിപ്പോർട്ട് നൽകാൻ മന്ത്രി ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യ ലാബ് നൽകിയ ബയോപ്സി റിപ്പോർട്ട് വിശ്വസിച്ച് വേഗത്തിൽ ചികിത്സ ലഭ്യമാക്കുക മാത്രമാണ് ഒാങ്കോളജി വിഭാഗത്തിലെ ഡോക്ടർമാർ ചെയ്തത്. റിപ്പോർട്ട് നൽകിയ ഡയനോവ ലാബിന്റെ മേധാവി കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ഡോക്ടറാണ്. ഇതിനാൽ സംശയിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ചികിത്സ വൈകാതിരിക്കാനാണ് മെഡിക്കൽ കോളേജിലെ പത്തോളജി ലാബിലെ റിപ്പോർട്ട് വരുംവരെ കാത്തിരിക്കാതിരുന്നതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
രോഗിക്ക് കാൻസർ ഇല്ലെന്ന് കണ്ടെത്തിയ മാർച്ചിൽ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡയനോവ ലാബിൽ അടക്കം നേരത്തേ മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു. തെറ്റ് സംഭവിച്ചത് സ്വകാര്യ ലാബിന്റെ ഭാഗത്തുനിന്നാണെന്ന് അന്ന് സ്ഥിരീകരിക്കുകയുമുണ്ടായി.
ആദ്യ കീമോതെറാപ്പിക്കു ശേഷമാണ് കാൻസറില്ലെന്ന പത്തോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോദ്ധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാമ്പിൾ തിരികെ വാങ്ങി പത്തോളജി ലാബിലും തിരുവനന്തപുരം ആർ.സി.സിയിലും പരിശോധിച്ച് കാൻസർ ഇല്ലെന്ന് ഉറപ്പുവരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറും അറിയിച്ചു.