kottayam

കോട്ടയം: വൈദ്യുതി മന്ത്രി എം.എം.മണി, എസ്.ശർമ എം.എൽ.എ എന്നിവർക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട എം.ജി സർവ കലാശാല അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ എ.പി .അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ.സാബു തോമസ് സസ്പെൻഡ് ചെയ്തു.

വൈപ്പിൻ നിയോജകമണ്ഡലത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ചെറായി 110 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അലൈൻമെന്റിനെതിരെയായിരുന്നു മന്ത്രിയെയും എം.എൽ.എയെയും പരിഹസിച്ചുള്ള ഫേസ് ബുക്ക് പരാമർശം.

നടപടി ആവശ്യപ്പെട്ട് എസ്.ശർമ സ്പീക്കർക്ക് നൽകിയ പരാതി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി. തുടർന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് സർവകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.