പാലാ: വീട്ടുപറമ്പുകളിലും വഴിവക്കുകളിലും സമൃദ്ധമായിരുന്നിട്ടും നാം കാര്യമായി ഗൗനിക്കാതിരുന്ന ഞാവൽപഴങ്ങൾ ഇതാ തെരുവോരങ്ങളിൽ സുലഭം.ആന്ധ്രയിൽ നിന്നുള്ള ചില കച്ചവടക്കാരാണ് സംഘടിതമായി ഞാവൽ പഴങ്ങളുമായി കേരളത്തിലെ വഴിയോരങ്ങളിൽ നിരന്നിരിക്കുന്നത്. നാടൻ ഞാവൽ പഴത്തിന്റെ ഒരു രുചിയുമില്ലെങ്കിലും വിലയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല 400 രൂപയാണ് ഒരു കിലോയുടെ വില. ഒരെണ്ണത്തിന് നാലു രൂപയോളം വില വരും!
പ്രമേഹം ശമിപ്പിയ്ക്കുമെന്ന് പറയപ്പെടുന്ന ഞാവൽ പഴം മറ്റേതു പഴങ്ങളെപ്പോലെയും പോഷകങ്ങളുള്ളതാണ് . എന്നാൽ എല്ലാത്തിനും വിപണിയെ ആശ്രയിയ്ക്കുന്ന മലയാളിക്ക് നാടൻ തനിമയുള്ള ഞാവൽ പഴം ഇപ്പോൾ കണ്ടു കിട്ടാനില്ല. പണ്ട് പറമ്പുകളിലും വഴിവക്കിലും സുലഭമായിരുന്നു ഞാവൽ.
പരീക്ഷയുടെ ആവലാതികളൊഴിഞ്ഞ മധ്യവേനലവധിക്കാലത്ത് കുട്ടികൾ തൊടികളിൽ കയറി ഞാവൽ പഴം പറിച്ച് കഴിച്ച് നാവ് വൈലറ്റ് നിറം ആക്കി പരസ്പരം നീട്ടി കാണിച്ച് കളിച്ചിരുന്നതെല്ലാം ഓർമ മാത്രമായി . ഇന്ന് വഴിയോര വിപണിയിൽ കിട്ടുന്ന ഞാവൽ പഴം കഴിച്ചാൽ കാര്യമായ വൈലറ്റ് നിറം കാണില്ല. മൂക്കാതെ പറിച്ച് കൃത്രിമമായി പഴുപ്പിച്ചതാണോയെന്നും സംശയമുണ്ട്. മാത്രമല്ല, നിപ്പയെ ക്കുറിച്ചുള്ള സംശയങ്ങൾ നിലനിൽക്കെ, വവ്വാലുകളുടെ പ്രിയപ്പെട്ട ഭക്ഷണമായ ഞാവൽ പഴങ്ങൾ വാങ്ങിക്കഴിക്കുമ്പോൾ കരുതൽ വേണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.