തൊടുപുഴ /കോട്ടയം: അധികാരത്തർക്കം രൂക്ഷമായ കേരള കോൺഗ്രസിൽ അനുരഞ്ജനശ്രമങ്ങൾ നടക്കുമ്പോഴും പരസ്പരം വിട്ടുകൊടുക്കാതെ ജോസഫ് - ജോസ് വിഭാഗങ്ങൾ. സമവായ ചർച്ച ഇന്ന് കൊച്ചിയിൽ നടക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞിരുന്നെങ്കിലും അതേക്കുറിച്ചറിയില്ലെന്നാണ് പി.ജെ. ജോസഫ് പറയുന്നത്. ആഗസ്റ്റിലേക്ക് മാറ്റിയ ചെയർമാൻ പദവിയുടെ തർക്കത്തെ ചൊല്ലിയുള്ള കേസിൽ അന്തിമ തീർപ്പ് വരട്ടെ എന്ന നിലപാടിലാണ് ജോസഫ്.
ചെയർമാൻ സ്ഥാനം ന്യായമായും തനിക്ക് അവകാശപ്പെട്ടതാണെന്നും സംസ്ഥാന കമ്മിറ്റി ഉടൻ വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ടുള്ള ജോസ് കെ. മാണി അനുകൂലികളുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. സമവായ ചർച്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല. വിദേശത്തുള്ള മോൻസ് ജോസഫ് എം.എൽ.എ എത്തിയ ശേഷം നിശ്ചയിക്കും. പാർലമെന്ററി പാർട്ടി യോഗം ഉടൻ വിളിക്കുമെന്നും ജോസഫ് പറഞ്ഞു. അതേസമയം ഭരണഘടന പ്രകാരം ചെയർമാനെ തിരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന നിലപാടിലാണ് ജോസ്.
ജോസ് കെ. മാണിക്കും കത്തു നൽകി
ചെയർമാനെ തിരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് വൈസ് ചെയർമാൻ ജോസ് കെ. മാണിക്കും ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനും ഒരു വിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കത്ത് നൽകി. ഈ കത്തിന്റെ അടിസ്ഥാനത്തിൽ വൈസ് ചെയർമാൻ ജോസ് കെ. മാണി സംസ്ഥാന കമ്മിറ്റി വിളിച്ചേക്കും. ചെയർമാന്റെ ചുമതലയുള്ള ജോസഫറിയാതെ കമ്മിറ്റി വിളിക്കുന്നത് വിമത നീക്കമായി കണ്ട് അച്ചടക്ക നടപടിയെടുത്താൽ കേരള കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങും.