തലയോലപ്പറമ്പ് : പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ദിശാ ബോർഡുകളും സൂചനാ ബോർഡുകളും അടക്കമുള്ളവ ശരിയാക്കാതെയും റോഡിൽ വേണ്ട മുന്നൊരുക്കം നടത്താതെയും പൊതുമരാമത്ത് വകുപ്പ് അധികൃതർ. തലയോലപ്പറമ്പ് - വൈക്കം റോഡ്, തലയോലപ്പറമ്പ് - നീർപ്പാറ റോഡ്, തലപ്പാറ - പെരുവ റോഡ് എന്നിവിടങ്ങളിലെ റോഡരികിലെ ദിശാ സൂചനാബോർഡുകൾ കാട് കയറിയും സ്കൂളുകൾക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന സീബ്രാലൈനുകൾ കാണാനാകാത്തവിധം മാഞ്ഞും കിടക്കുകയാണ്. സ്കൂൾ പുതുവർഷ ആരംഭത്തിന് മുൻപ് റോഡുകളിൽ പൊതുമരാമത്ത് വകുപ്പ് ദിശാബോർഡുകളും അപകട സൂചനാബോർഡുകളും പുതുക്കിയിട്ടില്ല. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് സ്കൂൾ തുറക്കലിനോട് അനുബന്ധിച്ചുള്ള കാലത്താണ് എന്നാൽ റോഡിൽ പൊതുമരാമത്ത് വകുപ്പ് യാതൊരു സുരക്ഷാ നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. തലയോലപ്പറമ്പ് - വൈക്കം റോഡിൽ വടയാർ മാർ സ്ലീവാ സ്കൂളിന് മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന സീബ്രാലൈനിന്റെയും സ്കൂൾ മുന്നറിയിപ്പിന്റെയും ബോർഡുകൾ കാട് കയറിയത് മൂലം കാണാൻ പറ്റാത്ത നിലയിലാണ്. വടയാർ എൽ. പി. സ്കൂൾ, വെട്ടിക്കാട്മുക്ക് ഡി. ബി. കോളേജ്, പൊതി സ്കൂൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സൂചനാബോർഡുകളും കാഴ്ച മറയുന്ന വിധത്തിലാണ്. മറ്റ് സമീപ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് മുന്നിലെ സൂചനാബോർഡുകളുടെ സ്ഥിതിയും ഇത് തന്നെയാണ് അവസ്ഥ. സ്കൂൾ കുട്ടികൾക്ക് സുരക്ഷിത യാത്ര ഒരുക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.