തലയോലപ്പറമ്പ് : പെരുവ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കവാടത്തിന് മുമ്പിലും റോഡിലുമുള്ള വെള്ളക്കെട്ടിന് പരിഹാരമായി. കഴിഞ്ഞ ദിവസം കൂടിയ മുളക്കുളം ഗ്രാമപഞ്ചായത്ത് കമ്മിറ്റി വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കുന്നതിന് അഞ്ചര ലക്ഷം രൂപ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും അനുവദിച്ചതോടെയാണ് വർഷങ്ങളായി സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപരും, പ്രദേശവാസികളും പെരുവ നരസിംഹ സ്വാമി ക്ഷേത്രത്തിലേക്ക് വന്നു പോകുന്ന ഭക്തരും അടക്കം നൂറ് കണക്കിന് കാൽനടയാത്രക്കാരുടെ ദുരിതയാത്രക്ക് പരിഹാരമാകുന്നത്. മഴ പെയ്താൽ രണ്ടടിയിലേറെ ഉയരത്തിൽ റോഡിൽ വെള്ളക്കെട്ടിനിൽക്കുന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായിരുന്നത് അതിലൂടെ നീന്തിയാണ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ സ്‌കൂളിൽ എത്തിയിരുന്നത്. ഏതാനും വർഷമായി സ്‌കൂളിലേക്കുള്ള റോഡ് പൊട്ടിപൊളിഞ്ഞ്, വെള്ളം കെട്ടി, വഴി നടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. പെരുവ പിറവം റോഡ് നിർമ്മാണം കഴിഞ്ഞതോടെയാണ് ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. അശാസ്ത്രീയമായി ഉണ്ടാക്കിയ ചപ്പാത്തും ഓടയിൽ കുറുകെ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായിരുന്നത്. ചപ്പാത്തിനെക്കാൾ ഉയരത്തിലാണ് ഓട നിർമ്മിച്ചിരിക്കുന്നത്. റോഡിന് വീതി കുറവായതിനാൽ കുട്ടികൾ ബസ് കയറാൻ കവാടത്തിന് മുന്നിലെ ഈ വെള്ളക്കെട്ടിലാണ് നിൽക്കുന്നത്. മഴ പെയ്താൽ മുട്ടോളം പൊക്കത്തിൽ ചെളിവെള്ളമാണ് ഇതുവഴി ഒഴുകുന്നത്. സ്‌കൂൾ വഴിയിലൂടെ ഒഴുകി വരുന്ന വെള്ളവും ഇവിടത്തെ ചപ്പാത്തിലാണ് വന്ന് വീഴുന്നത്. മഴ പെയ്താൽ കവാടം മുതൽ സ്‌കൂൾ വരെ കുട്ടികൾ ചെളി വെള്ളത്തിലൂടെ വേണം പോകുവാൻ. ചെളിവെള്ളത്തിലൂടെയുള്ള യാത്ര മൂലം സ്‌കൂൾ യൂണിഫോമും ഷൂസും സോക്‌സും നനയുന്നതും യൂണഫോമിൽ ചെളി നിറയുന്നതും പതിവാണെന്നും ഈ അദ്ധ്യായന വർഷമെങ്കിലും ചെളിവെള്ളം നീന്താതെ സ്‌കൂളിൽ എത്താൻ സാധിക്കുമോ എന്നതായിരുന്നു വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക. ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം 5 ന് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം നിലനിന്നിരുന്നതിനാൽ നിർമ്മാണ പ്രവർത്തനത്തിന് തുക അനുവദിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഓടയ്ക്ക് കുറുകെ കിടന്ന വൈദ്യുത പോസ്റ്റ് ഇലട്രിസിറ്റി അധികൃതർ എത്തി മാറ്റി സ്ഥാപിച്ചിരുന്നു. തുടർന്ന് സ്‌കൂൾ പ്രവേശന കവാടം മുതൽ സ്‌കൂൾ വരെയുള്ള റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്നതിനുള്ള സാമഗ്രികൾ ഇറക്കിയ ശേഷം നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
കമന്റ്
സുജാതാ സുമോൻ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുളക്കുളം ). സ്‌കൂൾ പ്രവേശന കവാടം മുതലുള്ള റോഡ് വെള്ളം കെട്ടി നിൽക്കാത്ത വിധം ഉയർത്തി കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു.രണ്ട് ദിവസത്തിനകം നിർമ്മാണം പൂർത്തികരിക്കും.റോഡരികിലെ ഓടയ്ക്ക് സ്ലാബ് സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് എടുത്തിട്ടുണ്ട്. ഇത് കൂടി പൂർത്തിയാകുന്നതോടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.