കോട്ടയം : പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ജില്ലയിലെ സ്‌കൂളുകൾ അണിഞ്ഞൊരുങ്ങി. പ്രവേശനോത്സവ ദിനമായ നാളെ ജില്ലയിലെ 857 പൊതു വിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ 1,44,479 വിദ്യാർത്ഥികളെത്തും. ഒന്നാം ക്ലാസിൽ മാത്രം 8840 കുട്ടികളുണ്ട്. രണ്ടു മുതൽ പത്തു വരെ ക്ലാസുകളിൽ 7580 പേർ പുതിയതായി പ്രവേശനം നേടി. മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് സുഗമമായി യാത്ര ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കി.
ജില്ലാതല പ്രവേശനോത്സവം പനമറ്റം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ 9 ന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അദ്ധ്യക്ഷത വഹിക്കും. നവാഗതരെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി സ്വീകരിക്കും. കളക്ടർ പി.കെ സുധീർ ബാബു മുഖ്യപ്രഭാഷണം നടത്തും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരി സൗജന്യ യൂണിഫോമും, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി സുമംഗലാദേവി പഠനോപകരണങ്ങളും വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ പ്രസാദ് വിദ്യാഭ്യസമന്ത്രിയുടെ സന്ദേശം വായിക്കും. ജനപ്രതിനിധികളായ ലൗലി ടോമി, ബിന്ദു പൂവേലിൽ, സൂര്യാമോൾ, ശ്രീജ സരീഷ് തുടങ്ങിയവർ സംസാരിക്കും. ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സ്വാഗതവും, പ്രിൻസിപ്പൽ കെ.കെ ഹരികൃഷ്ണൻ നന്ദിയും പറയും.
മറ്റ് നിർദ്ദേശങ്ങൾ
സ്‌കൂൾ പരിസരത്ത് ലഹരിവസ്തുക്കൾ വിൽക്കരുത്
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കരുത്
സ്‌കൂൾ പരിസരത്ത് അപകടകരമായ മരങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം
സ്‌കൂൾതല ലഹരിവിരുദ്ധ ക്ലബുകളുടെ പ്രവർത്തനം സജീവമാക്കണം
പഠനം മുടങ്ങിയവരുടെ വിവരങ്ങൾ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അറിയിക്കണം