കാഞ്ഞിരപ്പള്ളി: മേഖലയിൽ പകർച്ചവ്യാധികൾ പടരുന്നു. താലൂക്കിന്റെ വിവിധഭാഗങ്ങളിൽനിന്നായി മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളുമായി ജനറൽ ആശുപത്രിയിലെത്തിയവരിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയവരുണ്ട്. ഇതുകൂടാതെ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചില വിദ്യാർത്ഥികൾക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃർ അറിയിച്ചു.ഇവർ ജനറൽ ആശുപത്രിയിൽ പ്രത്യേകനിരീക്ഷണത്തിലാണ്.
രോഗപ്രതിരോധത്തിന്റെ ഭാഗമായി ഡെപ്യുട്ടി ഡി.എം.ഒ.കെ.ആർ രാജന്റെ നേതൃത്വത്തിലുള്ള പബ്ലിക് ഹെൽത്ത് ടീം വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി.കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21ാം വാർഡിലെ മൂന്നു വിദ്യാർത്ഥികൾക്കാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടത്.ആരോഗ്യവകുപ്പ് അധികൃതർ വാർഡിലെത്തി രോഗപ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മേഖലയിലെ പനിബാധിതരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ പേരിലേക്ക് പകർച്ചവ്യാധികൾ പടരാതിരിക്കാൻ വേണ്ട മുൻകരുതലുകളെടുക്കും. കൊതുക് നശീകരണത്തിന് പൊതുജനസഹായത്തോടെ ഊർജ്ജിതശ്രമം നടത്തും.ഇതിന്റെ ഭാഗമായി റബർതോട്ടങ്ങളിൽ പരിശോധന നടത്തും. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവരുടെ വീടുകളും പരിസരവും പരിശോധന നടത്തി. പരിസരത്തുള്ള തോട്ടിലെ വെള്ളമടക്കം മലിനമാണെന്ന് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.ഇവിടെ രോഗപ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകി.വൃത്തിഹീനമായ സെപ്‌ടിക് ടാങ്കുകൾ മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ തുടങ്ങി. കുടിവെള്ളസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തുകയും ഇത് ഫലപ്രദമായെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. മൂന്നുമാസം നീളുന്ന പ്രതിരോധപ്രവർത്തനങ്ങളാണ് നാട്ടുകാരുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് നടത്തുന്നത്. ഡെപ്യുട്ടി ഡി.എം.ഒ യുടെ നേതൃത്വത്തിൽ ജില്ലാ എൻഡമോളജിസ്റ്റ്,ജില്ലാ വെക്ടർകൺട്രോൾ യൂണിറ്റ് ഉദ്യോഗസ്ഥർ,ഹെൽത്ത് സൂപ്പർവൈസർ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവരാണ് വിവിധ വാർഡുകളിൽ പരിശോധന നടത്തിയത്.