valiyathod

കുറവിലങ്ങാട് : പഞ്ചായത്തിലെ മുഖ്യജലസ്രോതസ്സായ വലിയതോട്ടിൽ മാലിന്യപ്രശ്നം രൂക്ഷമായി. പ്ലാസ്റ്റിക്, കുപ്പികൾ, സാനിറ്ററി നാപ്കിൻ ഉൾപ്പെടെ തോട്ടിൽ നിറഞ്ഞിരിക്കുകയാണ്. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ പദ്ധതി പാളിയതോടെയാണ് ആളുകൾ തോന്നുംപടി മാലിന്യം നിക്ഷേപിക്കുന്നത്. വിവിധ സ്ഥാപനങ്ങളിലെ ശൗചാലയങ്ങളിൽ നിന്നുള്ള മാലിന്യക്കുഴൽ തോട്ടിലേക്കാണ് തുറന്നിരിക്കുന്നത്. മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി പ്രദേശത്തെ റോഡുകളും പരിസരങ്ങളും വൃത്തിയാക്കിയെങ്കിലും വലിയതോട്ടിലേക്ക് ആരും തിരിഞ്ഞുനോക്കിയില്ല. ചാക്കുകളിലും കവറുകളിലും നിറച്ച് മാലിന്യങ്ങൾ രാത്രികാലങ്ങളിൽ കൊണ്ട് തള്ളുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു. തോട്ടിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

വലിയതോടിന്റെ സംരക്ഷണത്തിനായി ജാഗ്രതാസമിതിക്ക് രൂപം നൽകുമെന്ന പഞ്ചായത്ത് പ്രഖ്യാപനവും പാഴ്‌വാക്കായി. മഴക്കാലം ആരംഭിച്ചതോടെ രോഗങ്ങൾ പടർന്നുപിടിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കടുത്തവേനലിൽ തോട്ടിലെ നീരൊഴുക്കും നിലച്ചിരുന്നു. തോട് ശുചീകരിച്ചാൽ പ്രദേശത്തെ ജലക്ഷാമത്തിനും ഒരുപരിധിവരെ പരിഹാരമാകും.

എങ്ങുമെത്താതെ സംരക്ഷണ പദ്ധതി

ഹരിതകേരളമിഷന്റെ നേേതൃത്വത്തിൽ ജലശായങ്ങളുടെയുടെയും തോടുകളുടെയും സംരക്ഷണത്തിനായി ആവിഷ്കരിച്ച മീനച്ചിലാർ- മീനന്തറയാർ പുനർസംയോജന പദ്ധതിയിൽ കുറവിലങ്ങാട് വലിയ തോടും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ പദ്ധതി ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ ഒന്നുമുണ്ടായില്ല.

തോടിനെ ആശ്രയിച്ച് പത്തോളം ശുദ്ധജല പദ്ധതികൾ

വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതൽ

വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യക്കുഴൽ തോട്ടിലേക്ക്