life-mission

വൈക്കം: സർക്കാരും പഞ്ചായത്തുകളും പറഞ്ഞു പറ്റിച്ചു. ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതി പ്രകാരം വീടുവച്ചവർ പെരുവഴിയിൽ. തലയാഴം പഞ്ചായത്തിൽ മാത്രം ലൈഫ് മിഷൻ പദ്ധതിയിൽ 136 വീടുകളാണ് അനുവദിച്ചത്. അതിൽ ഏതാനും പേർക്ക് മാത്രമാണ് മുഴുവൻ തുകയും പഞ്ചായത്തിൽ നിന്ന് നൽകിയത്. 4 ലക്ഷം രൂപവീതമാണ് ലൈഫ് മിഷൻ പദ്ധതിയനുസരിച്ച് ഭവന നിർമ്മാണത്തിന് നൽകുന്നത്. 6 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്നതാണ് വ്യവസ്ഥ. മൂന്നു മാസത്തിനുള്ളിൽ പണി തീർന്നാൽ മൂഴുവൻ തുകയും അപ്പോൾ തന്നെ നൽകുമെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ ഉറപ്പ്. ഇതനുസരിച്ച് മിക്കവരും ബ്ലേഡ് പലിശയ്ക്ക് കടമെടുത്തും മറ്റുമാണ് വീട് നിർമ്മാണം മുന്നോട്ട് കൊണ്ടുപോയത്.

40000, 160000, 160000, 40000 എന്നിങ്ങനെ നാല് ഗഡുക്കളായാണ് പഞ്ചായത്തിൽ നിന്ന് തുക നൽകുമെന്ന് പറഞ്ഞിരുന്നത്. ഒന്നും രണ്ടും ഗഡുക്കൾ എല്ലാവർക്കും കിട്ടി. അതിന്റെ ആത്മവിശ്വാസത്തിലാണ് കടം വാങ്ങി നിർമ്മാണം തുടർന്നത്. പക്ഷേ മൂന്നാം ഗഡു എത്തിയപ്പോഴേക്കും പദ്ധതി താളം തെറ്റി തുടങ്ങി. പലർക്കും മൂന്നാം ഗഡു കിട്ടിയില്ല. കിട്ടിയവർക്ക് 60000 രൂപ വരെ മാത്രമാണ് ലഭിച്ചത്. സ്വന്തമായുള്ള ഇത്തിരി സ്ഥലത്ത് ഉണ്ടായിരുന്ന ഷെഡോ കുടിലോ പൊളിച്ചുകളഞ്ഞിട്ടാണ് ഏറെപ്പേരും വീട് നിർമ്മാണം തുടങ്ങിയത്. അന്നുമുതൽ വാടക വീട്ടിലാണ് താമസം. ആറ് മാസം പരമാവധി കാലാവധി വച്ച് തുടങ്ങിയ പദ്ധതി ഒരു വർഷമായിട്ടും എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഗുണഭോക്താക്കൾക്ക് വീടുവാടകയിനത്തിലും കടം വാങ്ങിയ തുകയുടെ പലിശയിനത്തിലും വലിയ തുക ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു. വീട് പൂർത്തിയായാലുടൻ പഞ്ചായത്ത് പണം നൽകുമെന്ന വിശ്വാസത്തിൽ ചെറിയ കാലാവധി പറഞ്ഞ് കടം വാങ്ങിയ തുകകൾ തിരിച്ചു കൊടുക്കാൻ കഴിയാതെ വിഷമിക്കുകയാണ് മിക്കവരും.

പദ്ധതിക്കായി സർക്കാർ ബാങ്കുകൾ വഴി നൽകുമെന്ന് പറഞ്ഞ തുക ഇതേവരെ നൽകിയിട്ടില്ലെന്നും പദ്ധതി വിഹിതം കൂടി വെട്ടികുറച്ചിരിക്കുന്ന സാഹചര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നുമുള്ള നിലപാടിലാണ് പഞ്ചായത്ത് അധികൃതർ.

ഉല്ലാസ്

കണ്ണംപള്ളിൽ തലയാഴം

പതിനൊന്ന് മാസമായി വാടക വീട്ടിലാണ് താമസം. മാസം 5000 രൂപ വീതം വാടക നൽകണം. പഞ്ചായത്തിൽ നിന്ന് പണം നൽകാത്തതിനാലുള്ള കടബാദ്ധ്യത വേറേയും. ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താക്കളുടെ എല്ലാവരുടെയും തന്നെ അവസ്ഥ ഇതാണ്.