കോട്ടയം: മെഡിക്കൽ കോളേജ് അടക്കമുള്ള മൂന്ന് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധ വേലിയേറ്റം. മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്കു മുന്നിൽ പ്രതിഷേധം അരങ്ങേറിയപ്പോൾ, കാരിത്താസ് ആശുപത്രിയ്‌ക്ക് നേരെ ആക്രമണവുമുണ്ടായി. ഇന്നലെ രാവിലെ യുവമോർച്ചാ പ്രവർത്തകർ ജില്ലാ പ്രസിഡന്റ് ലാൽകൃഷ്‌ണ, ജില്ലാ ജനറൽ സെക്രട്ടറി സോബിൻ ലാൽ, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ബിനുമോൻ, മണ്ഡലം സെക്രട്ടറി വിഷ്‌ണുനാഥ് എന്നിവരുടെ നേതൃത്വത്തിൽ കാരിത്താസ് ആശുപത്രിയിലേയ്‌ക്ക് പ്രകടനം നടത്തി. ഗേറ്റ് കടന്നെത്തിയ പ്രവർത്തകർ പൂച്ചട്ടികളും കസേരകളും തകർത്തു. അത്യാഹിത വിഭാഗത്തിന്റെ കവാടത്തിലേയ്‌ക്ക് കടന്നെങ്കിലും രോഗികളുണ്ടായിരുന്നതിനാൽ പിൻവാങ്ങി. സംഭവത്തിൽ കാരിത്താസ് ആശുപത്രി അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇതിനു പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് ബി.ജെ.പി പ്രവ‌ർത്തകർ പ്രകടനം നടത്തി. പ്രവർത്തകരെ അത്യാഹിത വിഭാഗത്തിനു സമീപം പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ വായ്‌മൂടിക്കെട്ടി റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് ചേർന്ന യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സമിതി അംഗം ടി.എൻ ഹരികുമാർ, ജില്ലാ സെക്രട്ടറി സി.എൻ. സുഭാഷ, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് നന്ദൻ നട്ടാശേരി, ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഇതേ സമയം തന്നെ എ.വൈ.എഫ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി.

വൈകിട്ട് നാലുമണിയോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധപ്രകടനം നടന്നു.

മരത്തിൽ കയറി മുരുകൻ

ഇതിനിടെ പ്രതിഷേധവുമായി സാമൂഹ്യ പ്രവർത്തകനായ മേകോൺ മുരുകൻ മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിന് മുന്നിലെ മരത്തിൽ കയറി . മരത്തിനു മുകളിലിരുന്ന് സിംബൽ അടിച്ചാണ് മുരുകൻ പ്രതിഷേധിച്ചത്. സാധാരണക്കാരുടെ ശ്രദ്ധ ആകർഷിക്കാനാണ് സമരമെന്ന് മുരുകൻ പറഞ്ഞു. അഗ്നിരക്ഷാ സേന എത്തി മരത്തിനു ചുവട്ടിൽ വല വിരിച്ച് കാത്തിരുന്നെങ്കിലും അരമണിക്കൂർ കഴിഞ്ഞപ്പോൾ മുരുകൻ തനിയെ താഴെയിറങ്ങി.

പിൻസീറ്റ് ഡ്രൈവിംഗ്

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ പിൻസീറ്റ് ഡ്രൈവിംഗാണെന്ന് ഡി. സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് കുറ്റപ്പെടുത്തി. ഭരണകക്ഷിയിലെ ഒരു പ്രമുഖ നേതാവിന്റെ റിമോട്ട് കൺട്രോളിലാണ് ഇയാൾ പ്രവർത്തിക്കുന്നത്. ചികിത്സ ലഭിക്കണമെങ്കിൽ ഈ ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്ന അവസ്ഥയാണ്. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.