കോട്ടയം: തുടർച്ചയായുള്ള പിഴവുകളുടെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. കാൻസറില്ലാത്ത വീട്ടമ്മയ്‌ക്ക് കീമോതെറാപ്പി ചെയ്‌തതും പ്രസവത്തെ തുടർന്ന് യുവതി മരിച്ചതും വിവാദമായി നിൽക്കെയാണ് ചികിത്സ ലഭിക്കാതെ കട്ടപ്പന സ്വദേശി ജേക്കബ് തോമസ് മരിച്ചത്.

കഴിഞ്ഞ മാസം 14 നാണ് മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ എത്തിയ റാന്നി നെല്ലിക്കുഴി മുരുപ്പിൽ കവിത (30) പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന ആരോപണവുമായി രംഗത്തെത്തിയ ബന്ധുക്കൾ, മെഡിക്കൽ കോളേജിനെതിരെ പരാതി നൽകിയിരിക്കുകയാണ്.

ഇതിനിടെയാണ് കാൻസറില്ലാത്ത വീട്ടമ്മയെ കീമോ തെറാപ്പിക്ക് വിധേയയാക്കിയെന്ന വാർത്ത പുറത്തുവന്നത്. മാവേലിക്കര സ്വദേശിനി രജനി(38)യ്ക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടിവന്നത്. ഈ സംഭവത്തോടെ മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം ശക്തമായി. തുടർന്ന് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ഇതിനിടെയാണ് ചികിത്സ ലഭിക്കാതെയുള്ള മരണം.