കോട്ടയം : കൊല്ലപ്പെട്ട കെവിനെയും അനീഷിനെയും വീടാക്രമിച്ച് തട്ടിക്കൊണ്ടു പോയത് തനിക്ക് മുൻപെ ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നതായി സംഭവ സമയത്ത് ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിന്റെ മൊഴി. സർവീസിൽ നിന്നു പിരിച്ചുവിടപ്പെട്ട ഷിബു ഇന്നലെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് നിർണായകമൊഴി നൽകിയത്. സംഭവദിവസം പുലർച്ചെ ആറിന് എ.എസ്.ഐ വിളിച്ചു പറഞ്ഞപ്പോഴാണ് കെവിനെ തട്ടിക്കൊണ്ടു പോയ വിവരം അറിഞ്ഞത്.
ഡിവൈ.എസ്.പിയെ വിളിച്ചപ്പോൾ ഇക്കാര്യം അറിഞ്ഞെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് എസ്.പിയെയും വിളിച്ച് വിവരം ധരിപ്പിച്ചു. കേസ് അന്വേഷിക്കാൻ അരദിവസം മാത്രമാണ് ലഭിച്ചതെന്നും ഷിബു മൊഴി നൽകി. എന്നാൽ , എഫ്.ഐ.ആർ കൃത്യസമയത്ത് രജിസ്റ്റർ ചെയ്യാത്തതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ഷിബുവിനായില്ല. സംഭവ ദിവസം ഉച്ചയ്‌ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയായിരുന്നു. നാലോടെയാണ് ഡിവൈ.എസ്.പി അന്വേഷണത്തിനായി തെന്മലയിൽ പോകാൻ ആവശ്യപ്പെട്ടത്. രാത്രി 9 ന് അവിടെയെത്തി. പിറ്രേന്നാണ് മടങ്ങിവന്നത്. അനീഷിന്റെ മൊഴിയെടുത്ത ശേഷം തന്റെ നിർദ്ദേശപ്രകാരം എഫ്.ഐ.ആർ തയ്യാറാക്കിയത് എ.എസ്.ഐ ആണ്. ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷനായിരുന്നെന്ന് പ്രതികൾ പറഞ്ഞതായി അനീഷ് നൽകിയ മൊഴിയിലുണ്ട്. ഇക്കാര്യം അറിയില്ലെന്നായിരുന്നു ഷിബുവിന്റെ മൊഴി.
എ.എസ്.ഐ എഴുതിയത് വായിച്ച് നോക്കി ഒപ്പിടുക മാത്രമാണ് ചെയ്തത്. നീനുവിനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് ചാക്കോ എത്തിയപ്പോൾ നീനുവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. ഒരു മാസത്തിനകം വിവാഹം നടത്താമെന്ന് ചാക്കോ ഉറപ്പു നൽകിയിരുന്നു. നീനുവിനെ ബലമായി കാറിൽ കയറ്റാൻ ശ്രമിക്കുന്നത് കണ്ടതായും മൊഴിയിലുണ്ട്. സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി അറിയില്ലെന്നും, കാരണം കാണിക്കൽ നോട്ടീസ് കിട്ടിയതായും ഷിബു പറഞ്ഞു.