കോട്ടയം: ജോസഫ് - ജോസ് വിഭാഗങ്ങൾ ചേരി തിരിഞ്ഞ് പാർലമെന്ററി പാർട്ടി യോഗവും സംസ്ഥാന കമ്മിറ്റിയും വിളിക്കാൻ തീരുമാനിച്ചതോടെ കേരള കോൺഗ്രസ്-എമ്മിൽ പിളർപ്പ് ഉറപ്പായി. ഇന്നോ നാളെയോ പാർലമെന്ററി പാർട്ടി യോഗം വിളിക്കാൻ പി.ജെ. ജോസഫ് കരുക്കൾ നീക്കുമ്പോൾ സംസ്ഥാന കമ്മിറ്റി വിളിച്ച് ജോസ് കെ. മാണിയെ ചെയർമാനാക്കാനുള്ള നീക്കം മറുഭാഗവും മുറുക്കി. പുതിയ ചെയർമാനെ തിരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി വിളിക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് ജോസ് കത്തും നല്‍കി.

വർക്കിംഗ് ചെയർമാൻ മാത്രമായ ജോസഫിന് അധികാരമൊന്നുമില്ലെന്നും പുതിയ ചെയർമാനെ തിരഞ്ഞെടുക്കാൻ അവസരമുണ്ടാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും കത്തിൽ പറയുന്നു. എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ഡെപ്യൂട്ടി ലീഡർ സി.എഫ്. തോമസ് ഒപ്പിട്ടിട്ടില്ല.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാമായിരുന്നു ജോസഫ് വർക്കിംഗ് ചെയർമാനാണെന്നുള്ള കത്ത് നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്. 25 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ മാത്രമായ ജോയിക്ക് ഇങ്ങനെ കത്തെഴുതാൻ അധികാരമില്ലെന്നും ജോസ് വിശദീകരിക്കുന്നു.