കോട്ടയം: ഹരിതകേരള മിഷന്റെ കൈപിടിച്ച് പച്ചത്തുരുത്തിലേക്കു നടന്ന് അടുക്കുകയാണ് പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (ആർ.ഐ.ടി) കാമ്പസ്. 40 ഏക്കറോളം സ്ഥലത്തു 80 ലക്ഷത്തോളം തുക ചെലവഴിച്ചാണ് പച്ചത്തുരുത്ത് യാഥാർഥ്യമാക്കുക. ഫലവൃക്ഷത്തോട്ടം, മുളവേലി, കാവ് പരിപാലനം, പ്രകൃതിയിൽ നിന്ന് അപ്രത്യക്ഷമാകുന്ന അപൂർവ്വ വൃക്ഷങ്ങളുടെ തോട്ടം, വിവിധ തരം മാലിന്യ സംസ്കരണ പദ്ധതികൾ, മണ്ണ് ജലസംരക്ഷണത്തിനായി കൽകെട്ടുകൾ, ബണ്ടുകൾ, മഴവെള്ള സംഭരണികൾ, സ്റ്റേഡിയം, പൂമരങ്ങൾ അതിരിടുന്ന റോഡുകൾ, കുളങ്ങൾ, മഴക്കുഴികൾ തുടങ്ങി നിരവധി പദ്ധതികളാണ് പച്ചത്തുരുത്തിന്റെ ഭാഗമായി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആർ.ഐ.ടി കാമ്പസിൽ ഡോ. എ.പി.ജെ അബ്ദുൾ കലാം യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജി വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ നാഗപുഷ്പം നട്ട് നിർവഹിച്ചു. കാമ്പസിൽ ഒരുക്കുന്ന ശലഭോദ്യാന നിർമാണവും വൈസ് ചാൻസലർ തുടക്കം കുറിച്ചു. പാമ്പാടി ഗ്രാമപ്പഞ്ചായത് പ്രസിഡന്റ്‌ ഫിലിപ്പോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.രമേശ് മിഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആർ.ഐ.ടി പ്രിൻസിപ്പൽ ഡോ. സി സതീഷ്‌കുമാർ സംസാരിച്ചു. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൻ ഇ. പി സോമൻ പങ്കെടുത്തു.