കോട്ടയം: മൂന്ന് ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും ചികിത്സ ലഭിക്കാതെ രോഗി ആംബുലൻസിൽ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിഴവുണ്ടായിട്ടില്ലെന്ന് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകി. ആശുപത്രിയിലെ സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ന്യുമോണിയ ബാധിച്ചെത്തിയ ഇടുക്കി മുരിക്കാട്ടുകുടി കുമ്പളത്താനത്ത് ജേക്കബ് തോമസാണ് (72) കോട്ടയം മെഡിക്കൽ കോളേജ്, തെള്ളകം മാതാ, കാരിത്താസ് ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ മരിച്ചത്.

ഉച്ചയ്‌ക്ക് 2.23 നാണ് ജേക്കബ് തോമസുമായി ബന്ധുക്കൾ ആശുപത്രിയിൽ എത്തുന്നത്. 2.24 ന് തന്നെ രണ്ടു ജീവനക്കാർ ആംബുലൻസിന്റെ അടുത്ത് എത്തുന്നതും ആശുപത്രി അധികൃതരുമായി സംസാ‌രിക്കുന്നതും സി.സി ടിവിയിലുണ്ട്. എച്ച് വൺ എൻ വണ്ണിന്റെ ലക്ഷണങ്ങൾ ഉള്ളതിനാൽ നിപ ബാധിതരെ പ്രവേശിപ്പിക്കാൻ തയ്യാറാക്കിയിരിക്കുന്ന 24 -ാം വാർഡിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതായി ആശുപത്രി ജീവനക്കാർ പറയുന്നു. എന്നാൽ, ഗുരുതരാവസ്ഥയിലായ രോഗിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. തുടർന്ന് പി.ആർ.ഒ വെന്റിലേറ്റർ ഒഴിവുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് ഉറപ്പിച്ചതിനെ തുടർന്ന് 2.40 ഓടെ ആംബുലൻസ് പുറത്തേക്ക് പോയെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ അന്വേഷണം നടത്തുന്ന ഡിവൈ.എസ്.പി ആർ. ശ്രീകുമാർ ആശുപത്രികളിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജേക്കബ് തോമസിന്റെ മകളുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.