തലയോലപ്പറമ്പ്: മുന്നറിയിപ്പില്ലാതെ പകൽ സമയം മുഴുവൻ വൈദ്യുതി മുടങ്ങുന്നത് നാട്ടുകാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു. കടുത്ത ചൂടിൽ നാട്ടുകാർ വെന്തുരുകുന്ന സ്ഥിതിയാണ്. തലയോലപ്പറമ്പ് ടൗൺ, തിരുപുരം, കുറുന്തറ, കോരിക്കൽ ഭാഗങ്ങളിൽ ഇന്നലെ രാവിലെ 8 മണിയോടെ പോയ വൈദ്യുതി രാത്രി 7 മണിയോടെയാണ് എത്തിയത്. തുടരെയുള്ള വൈദ്യുത മുടക്കം വ്യാപാര, വ്യവസായ മേഖലകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് വൈദ്യുത മുടക്കം സംബന്ധിച്ച് അറിയിപ്പ് നൽകണമെന്നുണ്ടെങ്കിലും ഇത് ലഭിക്കാറില്ലെന്നും വൈദ്യുതി മുടക്കത്തെ കുറിച്ച് അന്വേഷിക്കാൻ പ്രദേശവാസികൾ ഓഫീസിലേക്ക് വിളിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നുംആക്ഷേപമുണ്ട് .തലയോലപ്പറമ്പ് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും വൈദ്യുത മുടക്കം പതിവായ സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.