കോട്ടയം: അമിത വേഗവും അശ്രദ്ധയും എം.സി റോഡിനെ വീണ്ടും കുരുതിക്കളമാക്കുന്നു. നിരന്തരം അപകടമുണ്ടാകുന്ന കോടിമത മുതൽ ചിങ്ങവനം വരെയുള്ള റോഡാണ് ഏറ്റവും കൂടുതൽ അപകടങ്ങൾക്ക് വേദിയായി മാറിയിരിക്കുന്നത്. 11 ദിവസത്തിനിടെ ഈ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത് നാലു പേരാണ്. ഇവിടെയെല്ലാം വില്ലനായത് അശ്രദ്ധയും അമിതവേഗവുമായിരുന്നു. ജീവൻ നഷ്ടപ്പെട്ടത് സാധാരണക്കാർക്കും.
മേയ് 24 ന് രാത്രിയിലായിരുന്നു ചിങ്ങവനത്ത് അപകടമുണ്ടായത്. അശ്രദ്ധയായി റോഡ് മുറിച്ചു കടന്ന കാൽനടയാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലേയ്‌ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കുഴിമറ്റം സ്വദേശിയായ കാൽനടയാത്രക്കാരൻ മരിച്ചിരുന്നു. മേയ് 26 ന് കോടിമത നാലുവരിപ്പാതയിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ഏറ്റുമാനൂർ പേരൂരിലെ മകളുടെ വീട്ടിലേയ്‌ക്ക് പോകുകയായിരുന്ന റിട്ട ആയുർവേദ മെഡിക്കൽ ഓഫിസർ
തിരുവനന്തപുരം വഞ്ചിയൂർ വില്ലയിൽ പരമേശ്വരൻ പോറ്റിയുടെ ഭാര്യ സുഭന്ദ്ര അന്തർജനം (63)ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന വാഹത്തിന്റെ ഡ്രൈവറുടെ കണ്ണിലേയ്‌ക്ക് എതിർദിശയിൽ നിന്നും എത്തിയ വാഹനത്തിന്റെ ലൈറ്റ് അടിച്ചതിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്‌ടമായാണ് അപകടമുണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ പള്ളം കരിമ്പുങ്കാല ജംഗ്ഷനിലുണ്ടായ അപകടത്തിൽ ചെങ്ങന്നൂർ ആറന്മുള മാലക്കര പനങ്ങാട്ടത്ത് സാബുവിന്റെ മകൻ ആകാശ് സാബു (21) വാണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്കിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനു പിന്നാലെയാണ് ഇന്നലെയുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ഇതേ സ്ഥലത്ത് തന്നെ രണ്ടു കാറുകളും ഒരു മിനി ലോറിയും കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.
കോടിമത നാലുവരിപ്പാത, പള്ളം, കരിമ്പുകാലാ ജംഗ്ഷൻ, ചിങ്ങവനം, കുറിച്ചി, തുരുത്തി എന്നിവിടങ്ങളിലാണ് പ്രധാനമായും അപകടമുണ്ടാകുന്നത്. കിലോമീറ്ററുകളോളം നേരെ കിടക്കുന്ന റോഡിൽ അപകടമുണ്ടാകുന്നത് അശ്രദ്ധയും അമിത വേഗവും കൊണ്ടു മാത്രമാണ്. റോഡ് ആധുനിക നിലവാരത്തിലായതോടെ രാത്രി, പകൽ ഭേദമെന്യേ അമിത വേഗത്തിലാണു വാഹനങ്ങൾ പായുന്നത്. കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ ബസുകളുമെല്ലാം വേഗത്തിന്റെ കാര്യത്തിൽ പിന്നോട്ടല്ല. റോഡിൽ കാര്യമായ വേഗ നിയന്ത്രണ സംവിധാനമില്ലാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്.
ഇതിലേറെ തിരക്കും വളവുകളുമുള്ള കോട്ടയം - ഏറ്റുമാനൂർ ഭാഗത്തു അപകടങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്. കോട്ടയം - ചങ്ങനാശേരി റോഡിലെ അപകടങ്ങൾ വർധിക്കുന്നത് ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കോടിമതയിലെ നിരീക്ഷണ കാമറ ഉൾപ്പെടെയുള്ളവ പ്രവർത്തന സജ്ജമാക്കി വേഗനിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.