andhakarathodu

വൈക്കം: അന്ധകാരത്തോട് പുനരുദ്ധരിക്കണമെന്ന ഹൈക്കോടതി വിധി നഗരസഭ മാനിക്കുന്നില്ലെന്ന്.

നഗരസഭയ്ക്കും റവന്യൂ അധികൃതർക്കുമെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോടതിയലക്ഷ്യ നടപടികൾക്ക് ഹൈക്കോടതിയെ സമീപിക്കുമെന്നും അന്ധകാരത്തോട് സംരക്ഷണ സമിതി.

അന്ധകാരത്തോട്ടിലെ കൈയേറ്റങ്ങൾക്കെതിരെ അഡ്വ. എസ്. ഉണ്ണികൃഷ്ണൻ കാലാക്കൽ, അഡ്വ.കെ.പി.റോയി, മാത്യു തിട്ടപ്പള്ളിൽ എന്നിവർ ചേർന്ന് നൽകിയ കേസിൽ അന്ധകാരത്തോടിന്റെ ഭാഗങ്ങൾ നാല് മാസത്തിനകം പുനരുദ്ധരിച്ച് ജലനിർഗ്ഗമനം സാദ്ധ്യമാക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. കഴിഞ്ഞ ജനുവരി 8 നാണ് വിധി വന്നത്. അന്ധകാരത്തോട് കടന്ന് പോയിരുന്നത് ഏതു വഴിക്കെല്ലാമെന്ന് ടൗൺ മാസ്റ്റർ പ്ലാനിലും പ്രദേശത്തെ പുരയിടങ്ങളുടെ ആധാരങ്ങളിലുമെല്ലാം വ്യക്തമാണ്. ഇത് അടിസ്ഥാനമാക്കി നടപടി സ്വീകരിക്കണമെന്നും തോടിന് പുനർജ്ജനി നൽകണമെന്നുമായിരുന്നു ഹർജ്ജിക്കാരുടെ ആവശ്യം. വിധിപകർപ്പ് ബന്ധപ്പെട്ട അധികൃതർക്ക് യഥാസമയം കൈമാറിയിരുന്നെങ്കിലും ഇതേവരെ നടപടിയൊന്നുമായിട്ടില്ല. ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഹർജ്ജിക്കാർ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

കാലാകാലങ്ങളിൽ റവന്യൂ, നഗരസഭ അധികൃതരുടെ ഒത്താശയോടെയാണ് അന്ധകാരത്തോട്ടിലെ കൈയേറ്റങ്ങൾ നടന്നിട്ടുള്ളതെന്ന് ആരോപണമുണ്ട്. കണിയാംതോട് മുതൽ കെവി കനാൽ വരെയുള്ള അന്ധകാരത്തോടിന്റെ മദ്ധ്യഭാഗമാണ് പൂർണ്ണമായും നികത്തിയിട്ടുള്ളത്. തോടിന്റെ വീതികുറഞ്ഞു വരുമ്പോഴും പിന്നീട് നികത്തപ്പെടുമ്പോഴുമെല്ലാം വില്ലേജ്, നഗരസഭ അധികൃതർ അറിഞ്ഞമട്ട് നടിച്ചിട്ടില്ല. കോടതി വിധി വന്നശേഷവും തോട് നികത്തുന്നതായി സമിതി പ്രവർത്തകർ ആരോപിക്കുന്നു. ടൗൺ മാസ്റ്റർ പ്ലാനിൽ വൈക്കം, നടുവിലെ വില്ലേജുകളെ തമ്മിൽ വേർതിരിക്കുന്നത് അന്ധകാരത്തോടാണ്.