വിനയായത് മകനല്ല, ചെയർമാനെന്ന് പരാമർശം
കോട്ടയം: പി.ജെ.ജോസഫ് വിഭാഗം കോട്ടയത്ത് വിളിച്ചുചേർത്ത പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് ജോസ് കെ. മാണി വിഭാഗത്തിനൊപ്പം സി.എഫ്.തോമസും വിട്ടുനിന്നു. ഇതോടെ ഭൂരിപക്ഷം ലഭിക്കില്ലെന്നുറപ്പായ ജോസഫ് നിലപാട് മയപ്പെടുത്തി സംസ്ഥാന കമ്മിറ്റി വിളിക്കാൻ തയ്യാറായി.
പാർലമെന്ററി പാർട്ടിയും ഉന്നതാധികാര സമിതിയും വിളിച്ചു ചേർത്ത് സമവായമുണ്ടായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിക്കാൻ തയ്യാറാണെന്ന് ജോസഫ് ഇന്നലെ പറഞ്ഞു. പാർട്ടി പളർപ്പിന്റെ വക്കിലെത്തി നിൽക്കെയാണ് കാര്യങ്ങൾ ആന്റീക്ലൈമാക്സിലേക്ക് നീങ്ങുന്നത്. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ജോസഫ് തയ്യാറായതോടെ ജോസ് വിഭാഗവും അയഞ്ഞേക്കും. സമാന്തര കമ്മിറ്റി വിളിക്കാനുള്ള നീക്കം തത്കാലം വേണ്ടെന്ന നിലപാടിൽ ജോസ് വിഭാഗം എത്തിയെന്നാണ് അറിയുന്നത്.
'ചെയർമാൻ മരിച്ചാൽ പകരം മകനല്ല ചെയർമാനാവുക" എന്ന പി.ജെ.ജോസഫിന്റെ വാക്കുകൾ കെ.എം.മാണിയെ അപമാനിക്കലായി ജോസ് വിഭാഗം ചിത്രീകരിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. കോട്ടയം വിൻസർകാസിൽ ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി ചേർന്ന യോഗത്തെ അനൗപചാരിക പാർലമെന്ററി പാർട്ടി എന്നാണ് ജോസഫ് വിശേഷിപ്പിച്ചത്. ഇരു വിഭാഗത്തിലും പെടാതെ നിന്നിരുന്ന സി.എഫ്.തോമസ് ഹോട്ടലിലെത്തിയെങ്കിലും വിവാദ പരാമർശത്തിൽ ജോസഫിനെ അതൃപ്തി അറിയിച്ച ശേഷം യോഗത്തിൽ പങ്കെടുക്കാതെ മടങ്ങി.
സി.എഫ്. തോമസ് കൂടി പങ്കെടുത്തിരുന്നെങ്കിൽ അഞ്ചിൽ മൂന്ന് എം.എൽ.എമാരുടെ ഭൂരിപക്ഷത്തോടെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ജോസഫ് വിഭാഗത്തിന് ലഭിച്ചേനേ. യോഗത്തെക്കുറിച്ച് അറിഞ്ഞില്ലെന്നായിരുന്നു സി.എഫ്.തോമസ് പിന്നീട് പ്രതികരിച്ചത്. സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന നിലപാട് ജോസഫ് മാറ്റിയതും കെ.എം.മാണിയെയോ മകനെയോ അപമാനിച്ചു സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയതും സി.എഫ്. തോമസ് അതൃപ്തി അറിയിച്ചതോടെയാണ്.
'ഞാൻ താത്കാലിക ചെയർമാൻ മാത്രമാണ്. അത് അംഗീകരിക്കാൻ ചിലർ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. കോട്ടയത്ത് അനൗപചാരിക യോഗമാണ് കൂടിയത്. ചെയർമാൻ മരിച്ചുപോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണം. അക്കാര്യം ചൂണ്ടിക്കാണിച്ചാണ് കത്ത് നൽകിയത്. ചെയർമാനെ തിരഞ്ഞെടുക്കുന്നത് സമവായത്തിലൂടെ വേണമെന്ന് ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും എഴുതി ഒപ്പിട്ട് തന്നിട്ടുണ്ട്."
- പി.ജെ. ജോസഫ്
'പ്രശ്നങ്ങൾ പരിഹരിക്കണം. പിളർപ്പ് ഒഴിവാക്കണം. ഇതിന് ആദ്യം പരസ്യ പ്രസ്താവന നിറുത്തണം"
- സി.എഫ്.തോമസ്
. .