kottayam-meidcal-college

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസറില്ലാത്ത യുവതിക്ക് കീമോതെറാപ്പി നടത്തിയ സംഭവത്തിൽ രണ്ടു ഡോക്ടർമാർക്കും സ്വകാര്യ ലാബിനും എതിരെ പൊലീസ് കേസെടുത്തു. നൂറനാട് പാലമേൽ ചിറയ്ക്കൽ കിഴക്കേക്കര വീട്ടിൽ രജനിയുടെ (38) പരാതിയിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. രഞ്ജൻ, ഡോ. സുരേഷ്, ഡയനോവ ലാബ്, സി.എം.സി സ്കാനിംഗ് സെന്റർ എന്നിവർക്കെതിരെ കേസെടുത്തത്. ഇന്നലെ രാവിലെയാണ് രജനി ഗാന്ധിനഗർ സി.ഐ കെ. ധനപാലന് പരാതി നൽകിയത്.


മാറിടത്തിലെ മുഴയ്‌ക്ക് ചികിത്സ തേടി കഴിഞ്ഞ ഫെബ്രുവരി 28ന് ആശുപത്രിയിലെത്തിയ രജനിയെ സ്വകാര്യ ലാബിന്റെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ കീമോതെറാപ്പിക്ക് വിധേയമാക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അശ്രദ്ധയും, സ്വകാര്യ ലാബിന്റെ പിഴവും മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായും, കീമോതെറാപ്പി ചെയ്യുന്നതിനായി അനാവശ്യ തിടുക്കം കാട്ടിയതായും പരാതിയിൽ പറയുന്നു. ഐ.പി.സി 336, 337 വകുപ്പുകൾ പ്രകാരം ആറുമാസം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒരാളുടെ അശ്രദ്ധമൂലം മറ്റൊരാളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലുള്ള ഇടപെടലിനെതിരായ വകുപ്പുകളാണിവ.