കോട്ടയം : അപ്രതീക്ഷിതമായി ജില്ലാ പൊലീസ് മേധാവിയായി എത്തിയ ഹരിശങ്കർ ഒരു വർഷത്തെ സേവനം പൂർത്തിയാക്കി മടങ്ങുന്നത് വിവാദങ്ങളിൽ തരിമ്പും ഇളകാതെ. ക്രമസമാധാന പാലനത്തിലും, വിവാദ വിഷയങ്ങളിലും ഒരു പോലെ പയറ്റിത്തെളിഞ്ഞ ഒരു വർഷത്തിന് ശേഷമാണ് ഹരിശങ്കറിന്റെ കോട്ടയത്തു നിന്ന് കൊല്ലത്തേക്കുള്ള മടക്കം. കെവിൻ കേസിന്റെ പൊട്ടിത്തെറിയ്‌ക്കിടയിലേയ്‌ക്കാണ് ഹരിശങ്കറെത്തുന്നത്. സമരവും, സംഘർഷവും നിറഞ്ഞ അന്തരീക്ഷത്തിൽ കോട്ടയത്തെ പൊലീസ് മുഴുവനും പ്രതിക്കൂട്ടിലായിരുന്നു.
ആദ്യ ഘട്ടത്തിൽ പൊലീസ് കേട്ട പഴികളെല്ലാം തിരുത്തി അതിവേഗം കുറ്റപത്രം സമർപ്പിക്കാനും, വിചാരണ അവസാന ഘട്ടത്തിലേയ്‌ക്ക് എത്തിക്കാനും മേൽനോട്ടം വഹിച്ചത് ഹരിശങ്കറായിരുന്നു. ഇതിനു ശേഷമാണ് ജലന്ധർ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പീഡനപരാതി ഉയർന്നത്. മാസങ്ങളോളം അന്വേഷണം നടന്നെങ്കിലും ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്താത്തത് വിമർശനത്തിന് ഇടയാക്കി. അറസ്റ്റ് വൈകുന്നതിനു പിന്നിൽ ഹരിശങ്കറാണെന്ന ആരോപണമാണ് വിവിധ കോണുകളിൽ നിന്നു ഉയർന്നത്. എന്നാൽ, ഇതിലൊന്നും പതറാതെ കൃത്യമായ അന്വേഷണം പൂർത്തിയാക്കി ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനായി. ഇതിനു പിന്നാലെ എത്തിയ പ്രളയകാലത്ത് നാവികനെപ്പോലെ തലയെടുപ്പോടെ നിന്നാണ് ഹരിശങ്കർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ജനമൈത്രി പൊലീസിന്റെ സഹായത്തോടെ എല്ലാ ദുരിതാശ്വാസക്യാമ്പുകളിലും ഭക്ഷണവും വെള്ളവും എത്തിച്ചു. ആലപ്പുഴയിൽ നിന്നു അരലക്ഷത്തോളം ആളുകളെ രക്ഷിച്ച് എത്തിക്കാനുമായി. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയുണ്ടായ വിവാദങ്ങളിൽ ഹരിശങ്കറിന്റെ പേരും വലിച്ചിഴച്ചു. ദേവസ്വം ബോർഡ് അംഗമായ പിതാവ് ശങ്കർദാസിന്റെ നിർദ്ദേശം അനുസരിച്ച് ഹരിശങ്കറിനെ ശബരിമലയിൽ നിയോഗിച്ചതെന്നായിരുന്നു ആരോപണം. ഇതിനെയെല്ലാം പ്രവർത്തന മികവ് കൊണ്ട് അദ്ദേഹം മറികടന്നു. വിവാദങ്ങളിൽ കൂസാതെ പൊലീസ് ഭരണം കാര്യക്ഷമമാക്കിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഹരിശങ്കറിന്റെ അക്ഷരനഗരിയിൽ നിന്നുള്ള മടക്കം.
പി.എസ് സാബു ജില്ലാ പൊലീസ് മേധാവി
ഹരിശങ്കറിന് പകരം ജില്ലാ പൊലീസ് മേധാവിയായി എത്തുന്നത് പാലക്കാട് ജില്ലാ പൊലീസ് മേധാവിയായ പി.എസ് സാബുവാണ്. പത്തനംതിട്ടയിലെ മക്കപ്പുഴ സ്വദേശിയാണ്. നിലവിൽ കുടുംബത്തോടൊപ്പം കൊല്ലത്താണ് താമസിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അഴിച്ചു പണിയിലാണ് ക്രമസമാധാന ചുമതലയുള്ള എസ്.പിയായി പാലക്കാട് നിയമനം ലഭിച്ചത്.