marangattupilly

കുറവിലങ്ങാട് : തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയ മരങ്ങാട്ടുപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം നിലവിൽ പുരോഗമിക്കുന്നു. ഫണ്ട് അനുവദിച്ച് നിർ‌മ്മാണം തുടങ്ങിയിരുന്നെങ്കിലും രണ്ടര വർഷത്തിലേറെയായി സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതീക്ഷയുണർത്തി നിർമ്മാണം പുരോഗമിക്കുകയാണ്. നിലവിൽ ഏറെ പഴക്കമുള്ള കെട്ടിടത്തിലാണ് പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുന്ന നിലയിലാണ്. ഈ കെട്ടിടത്തിന്റെ പിറകിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. മരങ്ങാട്ടുപിള്ളി, ഇലയ്ക്കാട്, കുറിച്ചിത്താനം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ആശ്രയമാണ് മരങ്ങാട്ടുപിള്ളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം. അതിനാൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. പുതിയ കെട്ടിടത്തിൽ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചാൽ കൂടുതൽ ഡോക്ടർമാർ, നേഴ്സുമാർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ തുടങ്ങിയവരുടെ സേവനവും രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ ഒ.പി സൗകര്യവും ഇവിടെയെത്തുന്ന രോഗികൾക്ക് ലഭ്യമാകും.