പൈക: നാല് വർഷം മുൻപ് അന്നത്തെ ഫിഷറീസ് മന്ത്രിയായിരുന്ന കെ.ബാബു ഉദ്ഘാടനം നിർവഹിച്ച മത്സ്യ വിപണന കേന്ദ്രം പൈകയിൽ മീനച്ചിൽ പഞ്ചായത്തു വക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. 7 സ്റ്റാളുകളുള്ള മീൻ മാർക്കറ്റിലെ സ്റ്റാളുകളുടെ ലേലം 20-ാം തീയതി 11ന് മീനച്ചിൽ പഞ്ചായത്ത് ഓഫീസിൽ നടക്കും. വൈദ്യുതിയും മലിനീകരണ പ്ലാന്റുമടക്കമുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഇവിടെ. ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാർ വക 84 ലക്ഷം രൂപയോളം ചെലവഴിച്ചാണ്
മത്സ്യ മാർക്കറ്റ് സജ്ജമായത്. പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ പൈക ടൗണിന് 1 കി.മീ. ചുറ്റളവിൽ മറ്റ് മത്സ്യ വില്പന കേന്ദ്രങ്ങൾക്ക് പഞ്ചായത്ത് ലൈസൻസ് നൽകുന്നതല്ല.മലിനീകരണ പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ മൂലമായിരുന്നു പ്രവർത്തനം തുടങ്ങാൻ കാലതാമസം നേരിട്ടത്. ലേലം കഴിഞ്ഞാൽ ഉടൻ തന്നെ മത്സ്യ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുമെന്ന് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയ് അറിയിച്ചു.