veedu

ചങ്ങനാശേരി : അശരണരും നിരാലംബരുമായ വിധവകൾക്ക് വീട് എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനു മാർഗ്ഗദർശിയായി മാതൃകയാകുകയാണ് എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്‌മെന്റും, വനിതാസംഘവും. യൂണിയന്റെ സാമൂഹികക്ഷേമപ്രവർത്തനങ്ങളിൽ ഒരു പൊൻതൂവലായി രണ്ടുവീടുകളാണ് ഇന്ന് സമർപ്പിക്കുന്നത്. യൂണിയന് കീഴിലെ ഇത്തിത്താനം 1519-ാം നമ്പർ ശാഖയിലെ റിനി ചന്ദ്രരാജ് പാറപ്പറമ്പിലിനും , 4748-ാം നമ്പർ നാലുംന്നാക്കൽ ശാഖയിലെ പുത്തൻകുളത്തിൽ കുഞ്ഞമ്മ ആനന്ദനുമാണ് വീടുകൾ നിർമ്മിച്ച് നൽകിയത്.

റിനി ചന്ദ്രരാജിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ ശാഖയിലുള്ളവർ ചേർന്ന് 3 സെന്റ് സ്ഥലം കണ്ടെത്തുകയായിരുന്നു. കുഞ്ഞമ്മ ആനന്ദന്റെ ഉടമസ്ഥതയിലുള്ള മൂന്നര സെന്റ് സ്ഥലത്താണ് വീടു നിർമ്മിച്ചിരിക്കുന്നത്.

യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടിന്റെ നേതൃത്വത്തിൽ നിരവധി സാമൂഹ്യക്ഷേമപ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് യൂത്തമൂവ്‌മെന്റും വനിതാസംഘവും വീടുകൾ നിർമ്മിച്ചു നല്കുക എന്ന ആശയത്തിലേക്ക് എത്തിയത്. നിരവധി സമുനസുകളും സഹായം നൽകി. 15 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. 495 , 520 സ്വകയർഫീറ്റിലുള്ളതാണ് വീടുകൾ. വീടിനാവശ്യമായ സാധനസാമഗ്രികൾ സ്ഥലത്തേക്ക് എത്തിക്കാൻ പ്രയാസമായതിനാൽ, യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം, ശാഖാ അംഗങ്ങൾ സാധനങ്ങൾ ചുമലിലേറ്റി എത്തിക്കുകയായിരുന്നു. ഭവനനിർമ്മാണ പദ്ധതിയുടെ താക്കോൽ ദാനവും, പ്രളയദുരിതാശ്വാസ സഹായവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് കൈമാറും.