ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജിൽ കിടപ്പു രോഗികൾക്ക് ഇടയിൽ സുവിശേഷത്തിനെത്തിയ സംഘത്തെ പൊലീസും സുരക്ഷ വിഭാഗം ജീവനക്കാരും ചേർന്ന് തടഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. സ്ത്രീകളുടെ വാർഡിൽ പ്രവേശിച്ച പി.എം. കോശി എന്നയാളെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകളടക്കമുള്ള സംഘത്തിൽപ്പെട്ട മറ്റുള്ളവർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടാണ് സംഭവം.
മെഡിക്കൽ കോളേജിലെ രണ്ടാം വാർഡിൽ കഴിയുന്ന ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.ഗുപ്തനെ സന്ദർശിക്കാനാണ് ജില്ലാ പ്രസിഡന്റ് മെഡിക്കൽ കോളേജിലെത്തിയത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന യുവമോർച്ച പ്രവർത്തകർക്ക് സുവിശേഷത്തിനെത്തിയവർ ലഘുലേഖ വിതരണം ചെയ്തു. ഇതിനെ ചോദ്യം ചെയ്ത ജില്ലാ പ്രസിഡന്റ് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സൂപ്രണ്ട് പൊലീസിനെ വിളിക്കുകയായിരുന്നു.