കോട്ടയം: മഴയ്ക്കൊപ്പം മിന്നൽകൂടി ശക്തമായതോടെ കരുതിയിരുന്നില്ലെങ്കിൽ 'പട' മാകുമെന്നാണ് ദുരന്തനിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം ഇടിമിന്നലിൽ 9 പേർ മരിച്ചപ്പോൾ ഇക്കുറി 3 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കറുകച്ചാലിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. മലയോരമേഖലയിൽ വീടുകൾക്ക് കേടുപാടുണ്ടാവുകയും നിരവധി വൃക്ഷങ്ങൾ കരിയുകയും ചെയ്തു. മണിമലയിൽ പശുവും മുണ്ടക്കയത്ത് ആടും ചത്തു.

കഴിഞ്ഞദിവസമാണ് കറുകച്ചാൽ അദമനാംകുഴിയിൽ കുഞ്ഞമ്മയ്ക്ക് മിന്നലേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ രക്ഷിക്കാനായി. കറുകച്ചാൽ, മണിമല,​ ഈരാറ്റുപേട്ട,​ വെള്ളാവൂർ,​ മുണ്ടക്കയം,​ ആലപ്ര,​ ഭാഗങ്ങളിൽ മിന്നലേറ്റ് വീടിനും വീട്ടുപകരണങ്ങൾക്കും കേടുപാടുണ്ടായി. ഇൻവെർട്ടറുകളാണ് നശിച്ചവയിൽ ഏറെയും. മണിമല പാറപ്പള്ളിൽ സുശീലയുടെ ആകെ സമ്പാദ്യമായ കറവപ്പശുവാണ് മിന്നലേറ്റ് ചത്തത്.

ദുരന്ത നിവാരണ വിഭാഗം പറയുന്നു

 തുറസായ സ്ഥലങ്ങളിലും കുന്നിൻ മുകളിലും നിൽക്കരുത്. പെട്ടുപോയാൽ കുനിഞ്ഞിരിക്കുക. ചെവി പൊത്തി, കഴുത്തു മുട്ടിനിടയിൽ തിരുകിയിരിക്കണം.

 ടി.വിയുടെ ആന്റിന, ഡിഷ്, കേബിൾ, ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവ വിച്ഛേദിക്കുക, ഇലക്ട്രോണിക് ഉപകരണങ്ങളിൽ തൊടരുത്.

 മെയിൻസ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്. ലൈനിൽ അധിക വൈദ്യുതി കയറി വന്നാൽ തനിയെ കട്ട് ഓഫ് ആകുന്ന സർക്യൂട്ട് ബ്രേക്കറുണ്ടെങ്കിൽ നന്ന്.

 വീട്ടിലെ എർത്തിംഗ് പരിശോധിച്ച് പ്രവർത്തിക്കുന്നു എന്നുറപ്പാക്കണം

 ജനലിന്റെയും വാതിലിന്റെയും സമീപത്ത് പോകരുത്. ചെരിപ്പു ധരിച്ച് മുറിയുടെ മദ്ധ്യഭാഗത്ത് തറയിൽ ഇരിക്കണം

 ആഭരണങ്ങളടക്കം എല്ലാ ലോഹവസ്തുക്കളും ശരീരത്തിൽ നിന്ന് നീക്കണം

 വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. തനിച്ചു നിൽക്കുന്ന ഉയരം കൂടിയ മരങ്ങൾക്ക് കീഴെ മഴയത്ത് അഭയം തേടുന്നത് അപകടമുണ്ടാക്കും

 പുഴ, തോട്, കനാൽ, തടാകം, വെള്ളക്കെട്ട് തുടങ്ങിയവയിൽ നിന്നു മാറിനിൽക്കുക. പൈപ്പിൽ നിന്ന് വെള്ളം എടുക്കരുത്

'' മിന്നലേറ്റുള്ള അപകടങ്ങൾ പ്രകൃതി ക്ഷോഭത്തിന്റെ പരിധിയിലാണ് വരുന്നത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ സാമ്പത്തിക സഹായം ലഭിക്കും''-

ശ്രീജിത്,​ ദുരന്ത നിവാരണ വിഭാഗം