വൈക്കം: ശക്തമായ കാറ്റിലും മഴയിലും പഞ്ഞിമരം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് ഒടിഞ്ഞ് വീണ് ഓട്ടോറിക്ഷ പൂർണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ വൈക്കം പനമ്പുകാട് രവിനിലയത്തിൽ ജെൻസോ (38)നെ വൈക്കത്തെ സ്വകാര്യ ആശുപത്രിതിയിൽ പ്രവേശിപ്പിച്ചു.ഇന്നലെഉച്ചയ്ക്ക് ഒരു മണിയോടെ വൈക്കം പൊലീസ് ക്വാർട്ടേഴ്‌സ് റോഡിലായിരുന്നു സംഭവം. പൊലീസ് ക്വാർട്ടേഴ്‌സ് വളപ്പിൽ നാളുകളായി അപകടാവസ്ഥയിൽ നിന്നിരുന്ന കൂറ്റൻ പഞ്ഞി മരം കാറ്റിൽ ഒടിഞ്ഞു ഓട്ടോയ്ക്ക് മുകളിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ശിഖരങ്ങൾ വീണ് ഞെരിഞ്ഞമർന്ന ഓട്ടോറിക്ഷയിൽ കുടുങ്ങിപ്പോയ ജെൻസോയെ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.ജെൻസോ മത്സ്യവിൽപന കഴിഞ്ഞു വന്ന വീട്ടമ്മയെ വീട്ടിൽ വിട്ട ശേഷം വൈക്കത്തേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ഓട്ടോയിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവാകുകയായിരുന്നു. ചുവട് കേടായ മരം വെട്ടിമാറ്റണമെന്ന് പ്രദേശവാസികൾ ഏറെ നാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. അപകടാവസ്ഥയിലായ മരത്തെ കുറിച്ച് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നഗരത്തിലേയ്ക്ക് എത്തുന്നവർക്ക് എളുപ്പമാർഗമായതിനാൽ സ്‌കൂൾ വിദ്യാർഥികളടക്കമുള്ളവർ കൂടുതലായി ആശ്രയിക്കുന്ന റോഡാണിത്. വൈക്കം ഫയർഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് മരംമുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. ജീവൻ നഷ്ടമായേക്കാവുന്ന വലിയ അപകടത്തിൽ നിന്നും ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും ഓട്ടോ പൂർണമായി തകർന്നതോടെ ജെൻ സോയുടേയും കുടുംബത്തിന്റേയും ജീവിതം വഴിമുട്ടി. മഴയും കാറ്റും വരും ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കുന്നതോടെ വഴിയോരത്തും മറ്റും അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ അധികൃതർ നടപടി ശക്തമാക്കണമെന്ന് ആവശ്യം ശക്തമായി.