പൊൻകുന്നം: നഗരത്തിലൂടെ കടന്നുപോകുന്ന പ്രധാന ദേശീയസംസ്ഥാന ഹൈവേകളിലും മറ്റ് ചെറുപാതകളിലും അനധികൃത വാഹനപാർക്കിംഗ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. സ്‌കൂൾ തുറന്നതോടെ രാവിലെയും വൈകിട്ടും അനുഭവപ്പെടുന്ന ഗതാഗാതക്കുരുക്കുമൂലം വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കമുള്ള യാത്രക്കാർക്ക് നിശ്ചിത സമയത്ത് എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. മേഖലയിൽ സ്‌കൂൾ ബസുകൾ കൂടി സജീവമായതോടെ രാവിലെയും വൈകിട്ടും തിരക്ക് വർദ്ധിച്ചിരിക്കുകയാണ്.
നഗരത്തിലെ ബഹുഭൂരിപക്ഷം കടകൾക്കും പാർക്കിംഗ് സൗകര്യമില്ലാത്തതാണ് അനധികൃത പാർക്കിംഗിന്റെ മുഖ്യകാരണം. കടയുടമകളുടെ വാഹനത്തിനുപുറമെ കടകളിൽ എത്തുന്നവരും വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതോടെ മറ്റ് വാഹനങ്ങളുടെ വഴി മുടക്കുന്നു. പ്രധാന ജംഗ്ഷനുകളിലും തിരക്കേറിയ സ്ഥലങ്ങളിലും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനാരും വലിയ വില കൽപ്പിക്കാറില്ല. ബോർഡിനു മുമ്പിലും ബോർഡ് മറച്ചുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പി.പി.റോഡിൽ കെ.എസ്.ആർ.ടി.സി.ജംഗ്ഷൻ വരെയും ദേശീയപാത കോട്ടയം റൂട്ടിൽ പഴയചന്ത വരെയും കാഞ്ഞിരപ്പള്ളി റൂട്ടിൽ കെ.വി.എം.എസ്. ജംഗ്ഷൻ വരെയും ഇരുവശങ്ങളിലും വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത പാർക്കിംഗാണ്. മണിമല വഴിയിലും മറ്റ് ചെറുപാതകളിലും ഇതുതന്നെയാണ് അവസ്ഥ. നഗരത്തിന്റെ തിരക്ക് ഒഴിവാക്കി ചെറുപാതകളെ ആശ്രയിക്കുന്നവർക്കും രക്ഷയില്ലാത്ത സ്ഥിതിയാണ്.
നിരന്തരമായ പരാതികൾ ഉയരുമ്പോൾ പൊലീസ് നടപടി സ്വീകരിക്കാറുണ്ടെങ്കിലും പിന്നീട് വീണ്ടും കാര്യങ്ങൾ പഴയ സ്ഥിതിയിലാക്കുന്നതാണ് പതിവ്. പൊലീസ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സ്ഥിരം നിരീക്ഷണം നടത്തുകയും ആവശ്യമുള്ള സ്ഥലങ്ങളിൽ ട്രാഫിക് പൊലീസിനെ നിയമിക്കുകയും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.