കോട്ടയം: ജോയിന്റ് എൻട്രൻസ് പരീക്ഷയിൽ (മെയിൻ) കേരളത്തിലെ ഒന്നാം റാങ്കുകാരനായ വിഷ്ണു വിനോദിനെ മാന്നാനം കെ.ഇ സ്‌കൂളിലെ അദ്ധ്യാപകരും സഹപാഠികളും ആദരിക്കുമ്പോഴാണ് അച്ഛൻ വിനോദ് കുമാറിന്റെ ഫോണിൽ ശുഭവാർത്തയുമായി മന്ത്രി കെ.ടി. ജലീലിന്റെ വിളി വന്നത്. സംസ്ഥാന എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചെന്ന് മന്ത്രി പറഞ്ഞപ്പോൾ കഷ്ടപ്പാടുകൾക്കെല്ലാം അർത്ഥമുണ്ടായതിന്റെ സന്തോഷമായിരുന്നു വിനോദിന്. തുടർന്ന് മകന്റെ ചെവിയിലേക്ക് ഫോൺ അടുപ്പിച്ചു. പഠന രീതി മുതൽ സ്വപ്നം വരെ വിഷ്ണു മന്ത്രിയോട് പറഞ്ഞു.
ഇടുക്കി അണക്കര ശങ്കരമംഗലം വീട്ടിൽ നിന്ന് 120 കിലോമീറ്റർ അകലെ കോട്ടയം ചെമ്മനംപടിയിൽ വീട് വാടകയ്ക്കെടുത്ത് അമ്മ ചാന്ദിനിക്കും സഹോദരൻ വിശ്വനാഥിനുമൊപ്പമാണ് വിഷ്ണു താമസിക്കുന്നത്. കഠിനാദ്ധ്വാനവും പരന്നവായനയുമാണ് വിഷ്ണുവിനെ ജേതാവാക്കിയത്. അച്ഛൻ വിനോദ് ഏലക്കർഷകനാണ്. മാന്നാനം സ്‌കൂളിൽ പ്ളസ്ടുവും പാലാ ബ്രില്യന്റ്സ് സ്റ്റഡി സെന്ററിൽ എൻട്രൻസിനും പഠിച്ചു. ഇതിനിടെ ഒരു തവണപോലും വിഷ്ണു സ്വന്തം വീട്ടിലേക്ക് പോയിട്ടില്ല.
പ്ളസ്ടുവിന് കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾക്ക് മുഴുവൻ മാർക്കും ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ എൻട്രൻസിന് മികച്ച വിജയം ലഭിക്കുമെന്ന് അറിയാമായിരുന്നെങ്കിലും ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിഷ്ണു പറയുന്നു. 'കമ്പ്യൂട്ടർ സയൻസ് മുഖ്യവിഷയമാക്കി ഏതെങ്കിലും ഐ.ഐ.ടിയിൽ പഠിക്കാനാണ് ഇഷ്ടം. ജെ.ഇ.എ (അഡ്വാൻസ്) ഫലം കൂടി വരാനുണ്ട്. ഇതിന് ശേഷമേ ഭാവിയെ പറ്റി തീരുമാനിക്കൂ. കുടുംബത്തിനും രാഷ്ട്രത്തിനും നന്മ ചെയ്യണമെന്നാണ് ആഗ്രഹം''- വിഷ്ണു കേരളകൗമുദിയോടു പറഞ്ഞു.
കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന പരീക്ഷയുടെ അഖിലേന്ത്യാ തലത്തിൽ വിഷ്ണുവിന് 21-ാം റാങ്കുണ്ടായിരുന്നു.
മുഴുവൻ സമയ പഠനക്കാരനല്ല വിഷ്ണു. പാഠങ്ങൾ കൃത്യമായി പഠിക്കും. രാത്രി പത്തിന് ശേഷവും പുലർച്ചെ അഞ്ചിന് മുമ്പും പഠനമില്ല. വിശ്രമവേളകളിലും വായിക്കും. ഇംഗ്ളീഷ് നോവലുകളോടാണ് പ്രിയം. ജൂൺ നാലിന് പിറന്നാൾ ആഘോഷിച്ച അച്ഛനുള്ള സമ്മാനം കൂടിയായിരുന്നു വിഷ്ണുവിന്റെ റാങ്ക് നേട്ടം.