കോട്ടയം: നഗരത്തിൽ മൂന്നിടത്ത് തീ പിടുത്തം. മാങ്ങാനത്ത് ഫ്ളാറ്റിലും, കഞ്ഞിക്കുഴിയിൽ വീട്ടിലും തീ പിടിത്തമുണ്ടായപ്പോൾ വേളൂരിൽ സ്‌കൂളിന്റെ കഞ്ഞിപ്പുരയിലാണ് ഗ്യാസ് സിലണ്ടർ ലീക്കായി കത്തിയത്. ഇന്നലെ രാവിലെ എട്ടു മണിയ്‌ക്കും പത്തിനും ഇടയിലാണ് മൂന്നിടത്തും തീ കത്തിയത്.
മാങ്ങാനം കവിതാ അപ്പാർട്ട്‌മെന്റിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് തീ പടർന്നത്. മണിമല പൊന്തൻപുഴ പുള്ളങ്കാവുങ്കൽ ജെറിൻ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഈസിഷോപ്പി സ്ഥാപനത്തിലാണ് തീ പിടിത്തമുണ്ടായത്. ഇന്നലെ രാവിലെ സ്ഥാപനം തുറക്കാൻ ജെറിൻ ജേക്കബ് എത്തിയപ്പോഴാണ് തീ ഉയരുന്നത് കണ്ടത്. തുടർന്ന് തീപിടിത്തം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചു. കോട്ടയത്തു നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. രണ്ടര ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു.
വേളൂർ കല്ലുപുരയ‌്ക്കൽ യു.പി സ്‌കൂളിലെ കഞ്ഞിപ്പുരയിൽ ഗ്യാസ് സിലണ്ടർ ലീക്ക് ചെയ്‌ത് തീ പിടിക്കുകയായിരുന്നു. സിലിണ്ടറിൽ നിന്നു പടർന്ന തീ പടർന്നത് കണ്ട് സ്‌കൂൾ അധികൃതർ തന്നെ കെടുത്തി. എന്നാൽ, ലീക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. തുടർന്ന് സ്‌കൂൾ അധികൃതർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇവർ എത്തി അരമണിക്കൂറോളം പരിശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ സാധിച്ചില്ല. തുടർന്ന് ഗ്യാസ് ഏജൻസിയിൽ നിന്നും ജീവനക്കാരെ വിളിച്ചു വരുത്തി. തുടർന്ന് കുറ്റി മാറ്റി സ്ഥാപിക്കുകയായിരുന്നു. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഗ്യാസ് സിലണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പടർത്തി.
കഞ്ഞിക്കുഴി മുട്ടമ്പലം കേണൽ വില്ലയിൽ ബിന്ദുവിന്റെ വീട്ടിലെ വൈദ്യുതി മീറ്ററാണ് കത്തി നശിച്ചത്. മീറ്ററിൽ നിന്നും തീ ആളിപ്പടർന്നതോടെ പരിഭ്രാന്തിയിലായ കുടുംബം അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ഇവർ സ്ഥലത്ത് എത്തി തീ കെടുത്തി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി മീറ്റർ സ്ഥാപിച്ച ശേഷം വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.