sabarimala

കോട്ടയം: ശബരിമല സന്നിധാനത്തെ അപ്പം-അരവണ പ്ളാന്റിൽ അഗ്നി സുരക്ഷയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്ന റിപ്പോർട്ടിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഒക്ടോബറിൽ നടത്തിയ പരിശോധനയെത്തുടർന്ന് തയ്യാറാക്കിയതാണ് റിപ്പോർട്ട്.

ഫയർഫോഴ്സിന്റെ അനുവാദമില്ലാതെയാണ് പ്ളാന്റ് പ്രവർത്തിക്കുന്നതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

കഴിഞ്ഞ സീസണിൽ ഫയർഫോഴ്സ് കോട്ടയം റീജിയണൽ ഓഫീസർ അരുൺകുമാർ, പത്തനംതിട്ട ജില്ലാ ഓഫീസർ എം.ജി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. ഒരേ സമയം 120 ജീവനക്കാരാണ് പ്ളാന്റിൽ ജോലി ചെയ്യുന്നത്.

വീഴ്ചകൾ

 രക്ഷാവാതിൽ

ഒരേ സമയം 12 അടുപ്പുകൾ പ്രവർത്തിക്കുന്ന പ്ളാന്റിൽ ആകെ രണ്ട് വാതിൽ മാത്രമാണുള്ളത്. അരവണ നിറയ്ക്കുന്ന മുറിയിൽ നിന്ന് ഏത് സമയത്തും തുറക്കാവുന്ന രീതിയിൽ അടിയന്തര രക്ഷാവാതിൽ നിർമിക്കണം. നിലവിലെ വാതിലുകൾ അടുപ്പിനോട് ചേ‌ർന്നായതിനാൽ പ്രയോജനപ്പെടില്ല. അപ്പം പ്ളാന്റിലേക്ക് പോകുന്ന ഭാഗത്തെ വാതിൽ ഏത് സമയത്തും തുറക്കാനാകുംവിധം മാറ്റണം.

 വെന്റിലേഷൻ

പ്ളാന്റിലേത് ശരിയായ വെന്റിലേഷൻ സംവിധാനമല്ല. ഇത് മൂലം ഉള്ളിൽ ചൂട് കൂടും, വായു സഞ്ചാരം കുറയും. തീപിടിത്തമുണ്ടായാൽ അണയ്ക്കാനും ആളുകളെ പുറത്തെത്തിക്കാനും ബുദ്ധിമുട്ടും. ഇത് പരിഹരിക്കാൻ പുറംഭിത്തിയോട് ചേർന്ന് വെന്റിലേഷനുകൾ സ്ഥാപിക്കണം

 പാനൽ ബോർഡ്

ഇലക്ട്രിക് പാനൽ ബോർഡുകൾ പാസേജുകളിൽ നിന്ന് മാറ്റി ഒറ്റ സ്ഥലത്ത് സുരക്ഷിതമായി സ്ഥാപിക്കണം. ബോർഡിന് ചുറ്റും തറയിൽ പോളി യൂറേഥീൻ മാറ്റ് സ്ഥാപിക്കണം. ഇവിടെയും വെന്റിലേഷൻ ഒരുക്കണം.

അഗ്നിശമന ഉപകരണം

ആറ് കിലോയുടെ രണ്ട് ഡ്രൈ കെമിക്കൽ പൗഡർ അരവണ നിർമിക്കുന്ന മുറിയിലും ഒരെണ്ണം ക്യാൻ ഫീഡിംഗ് മുറിയിലും രണ്ടെണ്ണം അരവണ ഫില്ലിംഗ് മുറിയിലും സ്ഥാപിക്കണം. 9 ലിറ്റർ വെള്ളം നിറയ്ക്കാവുന്ന ആറും മണൽ നിറച്ച രണ്ടും ബക്കറ്റുകൾ വിവിധ മുറികളിൽ സ്ഥാപിക്കണം.