കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്ത് 18ാംവാർഡിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന സൗജന്യ ട്യൂഷൻ പദ്ധതി നാലാംവർഷത്തിലേക്ക്. വാർഡ് അംഗം റിജോ വാളാന്തറയുടെ നേതൃത്വത്തിലാണ് പദ്ധതി. വാർഡിനെ ദത്തുഗ്രാമമായി പ്രഖ്യാപിച്ച് എ.കെ.ജെ.എം സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്. എല്ലാ വിഷയങ്ങളിലും നൂറുശതമാനം മാർക്ക് വാങ്ങുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. പദ്ധതിയുടെ ഭാഗമായവർക്ക് 1500 രൂപ വിലവരുന്ന പഠനോപകരണങ്ങളും നൽകിവരുന്നു. എ.കെ.ജെ.എം സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ അവധിദിനങ്ങളിൽ വീടുകളിലെത്തി പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ ഉദ്ഘാടനം ചെയ്തു. റിജോ വാളാന്തറ അദ്ധ്യക്ഷനായി.