വാഴൂർ : ദേശീയപാതയിൽ ചെങ്കൽ പള്ളി ജംഗ്ഷന് സമീപം കോൺക്രീറ്റ് മിക്‌സിംഗ് യൂണിറ്റുമായി പോയ മിനി ലോറി മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. ലോറിയിലു ണ്ടായിരുന്ന കൊല്ലം സ്വദേശി വൃന്ദാവനം അഖിൽ കുമാർ (25), പത്തനംതിട്ട സ്വദേശി കുറ്റിച്ചിറ ലക്ഷ്മി നിവാസിൽ സജീവ് (24), അന്യസംസ്ഥാന തൊഴിലാളികളായ അനിൽ,അഖിൽഗിരി, നാരായൺ,തിമ്മ, പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. എതിരെ വന്ന വാഹനത്തെ മറ്റൊരു വാഹനം മറികടന്ന് എത്തിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് തോട്ടയ്ക്കാട്ടേക്ക് കെട്ടിടനിർമ്മാണത്തിനായി പോയവരാണ് ലോറിയിലുണ്ടായിരുന്നത്. നാട്ടുകാരും പള്ളിക്കത്തോട് പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.