കുറവിലങ്ങാട് : പട്ടിത്താനത്തിന് സമീപം നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയതെന്നു സംശയിക്കുന്ന വാഹനം പുതുവേലിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ഒൻപതോടെ പട്ടിത്താനം വിക്ടർജോർജ് റോഡ് ജംഗ്ഷനിലുണ്ടായ അപകടത്തിൽ വയലാ ചാരംകുളങ്ങരയിൽ സി.എ എബ്രാഹം (രാജു- 57) ആണ് മരിച്ചത്. കോതനല്ലൂരിൽ നിന്ന് വയലായിലെ വീട്ടിലേക്ക് പോകുകയായിരുന്ന രാജു സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. റോഡിൽ വീണ രാജുവിന്റെ തലയിലൂടെ ലോറി കയറി ഇറങ്ങി. കുറവിലങ്ങാട് പൊലീസ് എത്തിയാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാൽ കസ്റ്റഡിയിലെടുത്ത വാഹനം സ്‌കൂട്ടറിൽ ഇടിച്ചിട്ടില്ലെന്ന നിലപാടിലാണ് വാഹനത്തിലെ തൊഴിലാളികൾ. ഇതേത്തുടർന്ന് പൊലീസ് ഫോറൻസിക് സംഘം അപകടസ്ഥലത്തും, അപകടത്തിൽപ്പെട്ട വാഹനങ്ങളിലും ശാസ്ത്രീയ പരിശോധന നടത്തി. സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വന്നതിന് ശേഷമേ അന്തിമതീരുമാനം എടുക്കൂവെന്ന് പൊലീസ് പറഞ്ഞു.