പാലാ : കെ.എസ്.ഇ.ബി രാമപുരം സെക്ഷന്റെ പരിധിയിലുള്ള ചക്കാമ്പുഴ, വെള്ളിലാപ്പിള്ളി, ഏഴാച്ചേരി പ്രദേശങ്ങളിൽ ഇന്നലെ വൈദ്യുതി നിലച്ചത് അൻപതോളം തവണ! ഉച്ചയ്ക്ക് 12 മുതലാണ് ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബി വക ഇരുട്ടടി കിട്ടിത്തുടങ്ങിയത്. 10 മുതൽ 20 മിനിട്ട് വരെ ഇടവേളകളായി രാത്രി 8 വരെ അൻപതോളം തവണ കറണ്ട് വന്നും പോയുമിരുന്നു.
സന്ധ്യയിലെ മഴ കൂടി കഴിഞ്ഞതോടെ ഓരോ 10 മിനിട്ടിനുമിടയിൽ കറണ്ട് പോയി. ഒരു തവണ നിലച്ചാൽ പിന്നെ 10 മിനിട്ട് കഴിഞ്ഞേ വരൂ. തുടർച്ചയായുള്ള വൈദ്യുതി തടസം വ്യപാരികളെയടക്കം ദുരിതത്തിലാക്കി. മൂന്ന് ദിവസം മുമ്പ് ഏഴാച്ചേരിയിൽ 16 മണിക്കൂർ തുടർച്ചയായി വൈദ്യുതി നിലച്ചിരുന്നു. കാറ്റിൽ വൈദ്യുതി ലൈനിലേക്ക് മരം ഒടിഞ്ഞു വീണതിനെ തുടർന്നായിരുന്നു ഇത്. മെയിൻലൈനിലെ തകരാർ മൂലമാണ് കറണ്ട് വന്നും പോയുമിരുന്നതെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. പല ഫീഡറുകളും തകരാറിലാണെന്നും അധികൃതർ വിശദീകരിക്കുന്നു.
രാമപുരം സെക്ഷനു കീഴിൽ കഴിഞ്ഞ കുറേ നാളുകളായി തുടർച്ചയായുണ്ടാകുന്ന വൈദ്യുതിവിതരണ തടസത്തിൽ പൊറുതിമുട്ടുകയാണ് ഉപഭോക്താക്കൾ. കുടിവെള്ള പദ്ധതികളെയും അപ്രതീക്ഷിത വൈദ്യുതിമുടക്കം പ്രതിസന്ധിയിലാക്കുന്നുണ്ട്.
വൈദ്യുതിഭവനു മുന്നിൽ സമരം
ഏഴാച്ചേരി മേഖലയിലെ വൈദ്യുതിതടസം എത്രയും വേഗം പരിഹരിക്കാത്ത പക്ഷം ജനങ്ങളെ ചേർത്ത് രാമപുരം വൈദ്യുതിഭവനു മുന്നിൽ സമരം നടത്തുമെന്ന് മുൻ പഞ്ചായത്ത് മെമ്പർ കെ.കെ. ശാന്താറാം അറിയിച്ചു.
ഉച്ചയ്ക്ക് 12 മുതലാണ് വൈദ്യുതിയുടെ ഒളിച്ചുകളി തുടങ്ങിയത്
മൂന്ന് ദിവസം മുൻപ് 16 മണിക്കൂർ വൈദ്യുതി നിലച്ചിരുന്നു
മെയിൻ ലൈനിലെ തകരാറെന്ന് അധികൃതരുടെ വിശദീകരണം