തലയോലപ്പറമ്പ്: ഒരു നാടിന്റെ പ്രധാന ജലസ്രോതസായിരുന്ന കുറുന്തറ പുഴ ഇപ്പോൾ നീരൊഴുക്കിനായി കേഴുന്നു. വർഷ കാലത്ത് പോലും പുഴയിലേക്ക് വെള്ളം എത്താത്ത സ്ഥിതിയാണ്. പുല്ലും, പോളയും വളർന്ന് നീരൊഴുക്ക് നിലച്ച പുഴയിൽ നീരൊഴുക്ക് ശക്തമാക്കുന്നതിന് പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യം ശക്തമാണ്. മൂന്ന് വർഷം മുൻപ് പുഴയുടെ ആഴം കൂട്ടുന്നതിനും ശോച്യാവസ്ഥ പരിഹരിക്കുന്നതിനുമായി കോടികളുടെ ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തനം കാര്യമായി നടന്നില്ല. വേനൽക്കാലത്ത് നീരൊഴുക്ക് ഇല്ലാത്തതിനാൽ വടയാർ മേഖലയിലെ പാടശേഖരങ്ങളും പ്രദേശവാസികളും ഏറെ പ്രതിസന്ധിയിലാണ്. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ കർഷകർ ബുദ്ധിമുട്ടുന്നതിനൊപ്പം രൂക്ഷമായ കുടിവെള്ള ക്ഷാമവും നേരിടുന്നു. മഴക്കാലത്ത് പെയ്തിറങ്ങുന്ന വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ വെള്ളപ്പൊക്ക ഭീഷണിയാണ് മറ്റൊരു ഭാഗത്ത്.
കുറുന്തറ പുഴയുടെ സംരക്ഷണം ലക്ഷ്യമിട്ട് പുത്തൻതോട്ടിലേക്ക് വെള്ളം കയറിയിറങ്ങുന്നതിനും, മൂവാറ്റുപുഴയാറിലെ വെള്ളം നിയന്ത്രിക്കുന്നതിനുമായി താഴപ്പള്ളി പാലത്തിനുസമീപം ഇറിഗേഷൻ വകുപ്പ് ഷട്ടർ നിർമ്മിച്ച് അടിയം ചാലിൽ നിന്നും വെള്ളം കുറുന്തറ പുഴയിലേക്ക് ഒഴുക്കി വിടുന്നതിനുവേണ്ടിയുള്ള ചാലുനവീകരണം ഏറെക്കുറെ പൂർത്തിയായെങ്കിലും താഴെപ്പള്ളി ഭാഗത്തെ ഷട്ടർ നിർമാണം ഇനിയും എങ്ങും എത്തിയിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് കെ.ആർ ഓഡിറ്റോറിയത്തിന് സമീപം നിർമ്മിച്ച പാലത്തിന്റെ ഫൗണ്ടേഷൻ താഴ്ത്തി പുനർനിർമ്മിച്ചാൽ മാത്രമെ കുറുന്തറ പുഴയിലെ നീരൊഴുക്ക് ശക്തമാക്കി മാലിന്യം നീക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നത്. മുൻപ് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടർ വഴി ഇത് സംബന്ധിച്ച് റിപ്പോർട്ട് സർക്കാരിലേക്ക് പോയെങ്കിലും നടപടി ആയില്ല.