കോട്ടയം: ചുങ്കം - മെഡിക്കൽ കോളേജ് റോഡിൽ ബൈക്കും കാറും തമ്മിൽ കൂട്ടിമുട്ടിയത് സംഘർഷത്തിനിടയാക്കി. ബൈക്ക് ഉടമയും കാർ യാത്രക്കാരും തമ്മിൽ പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തെങ്കിലും, കണ്ടു നിന്ന നാട്ടുകാർ പ്രശ്‌നത്തിൽ ഇടപെട്ടതോടെ സംഘർഷമായി. ഒടുവിൽ കാർ ഉടമയെ പൊലീസ് ഗാന്ധിനഗർ സ്റ്റേഷനിൽ എത്തിച്ചതോടെയാണ് പ്രശ്‌നത്തിന് അയവുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ചുങ്കത്തു നിന്നും മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും നഗരത്തിലേയ്‌ക്ക് കാർ ഒരു ബൈക്കിൽ തട്ടി. കാർ നിറുത്താത്തതെ പോയതിനാൽ പിൻതുടർന്ന് എത്തിയ ബൈക്ക് യാത്രക്കാ‌ർ ചുങ്കം പള്ളിയ്‌ക്ക് സമീപത്ത് വച്ച് കാർ തടഞ്ഞു. തുടർന്ന് കാർ യാത്രക്കാരും ബൈക്ക് യാത്രക്കാരും തമ്മിൽ വാക്കേറ്രമുണ്ടായി. കാറിനുള്ളിൽ ഒരു കുടുംബമാണ് ഉണ്ടായിരുന്നത്. ഇവർ ബൈക്ക് യാത്രക്കാരുമായി നഷ്‌ടപരിഹാരം നൽകാമെന്ന ധാരണയിൽ എത്തിച്ചേരുകയും ചെയ്‌തു. എന്നാൽ, ഇതിനിടെ നാട്ടുകാരും ഓട്ടോഡ്രൈവർമാരും ഇടപെട്ട് പ്രശ്‌നം വഷളാക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച ഓട്ടോഡ്രൈവ‌ർമാർ പൊലീസിനെ വിളിച്ചു വരുത്തി. തുടർന്ന് സംഘർഷത്തിനൊടുവിൽ കാർ യാത്രക്കാരെ പൊലീസ് ഗാന്ധിനഗർ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് പെറ്റിക്കേസ് രജിസ്റ്റർ ചെയ്‌ത ശേഷം ഇവരെ വിട്ടയച്ചു.